Kerala
ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചില്ല; ലക്ഷദ്വീപ് പൊലീസിന്‍റെ വാദങ്ങൾ തള്ളി ഐഷ സുൽത്താന
Kerala

'ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചില്ല'; ലക്ഷദ്വീപ് പൊലീസിന്‍റെ വാദങ്ങൾ തള്ളി ഐഷ സുൽത്താന

Web Desk
|
27 July 2021 11:17 AM GMT

ചര്‍ച്ച നടക്കുന്ന സമയം മൊബൈല്‍ സ്വിച്ച്ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ തിരുകി കയറ്റാന്‍ സാധ്യതയെന്നും ഐഷ സുൽത്താന ഹൈക്കോടതിയെ അറിയിച്ചു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചുവെന്ന ലക്ഷദ്വീപ് പൊലീസിന്‍റെ വാദങ്ങൾ തള്ളി ഐഷ സുൽത്താന. വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ചര്‍ച്ച നടക്കുന്ന സമയം മൊബൈല്‍ സ്വിച്ച്ഓഫ് ആയിരുന്നെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും യഥാസമയം കോടതിയില്‍ ഹാജരാക്കിയില്ലെന്നും മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ തിരുകി കയറ്റാന്‍ സാധ്യതയുണ്ടെന്നും ഐഷ സുൽത്താന ഹൈക്കോടതിയെ അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഫോണും ലാപ്ടോപ്പും ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഫോണ്‍ പിടിച്ചെടുത്ത് ദിവസങ്ങള്‍ക്ക് ശേഷവും സ്വിച്ച് ഓണ്‍ ആയിരുന്നു. ലാപ്ടോപ് ഗുജറാത്തിലെ ലാബില്‍ പരിശോധനയ്ക്കയച്ചതില്‍ ദുരൂഹതയുണ്ടെന്നും ഐഷ ഉന്നയിച്ചു.

ബയോ വെപ്പണ്‍ പരാമര്‍ശത്തിന് പിന്നില്‍ ഗൂഢാലോചനയില്ല. ചെല്ലാനത്തെ ദുരിത ബാധിതരെ സഹായിക്കാനാണ് പ്രവാസി സുഹൃത്ത് നാലു ലക്ഷം നല്‍കിയത്. ഇതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളില്ല. സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഐഷ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, ഐഷ സുല്‍ത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നാണ് ലക്ഷദ്വീപ് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്. ഐഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫോണിലുണ്ടായിരുന്ന രേഖകള്‍ ഡിലീറ്റ് ചെയ്തെന്നും സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം വേണമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കരുതെന്നുമാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്.

Similar Posts