മുഖ്യമന്ത്രിക്കെതിരെ എ.ഐ.വൈ.എഫ്; സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ പൊലീസിനെ ദുരുപയോഗിച്ചെന്ന് വിമർശനം
|മുഖ്യമന്ത്രിയുടെ പ്രവർത്തനവും പെരുമാറ്റവും ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തിയെന്നും എ.ഐ.വൈ.എഫ് വിമർശിച്ചു
ഇടുക്കി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എഐവൈഎഫ്). പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തു . മുഖ്യമന്ത്രിയുടെ പ്രവർത്തനവും പെരുമാറ്റവും ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തി.
നവകേരള സദസ് പൂർണ്ണമായും ഇടതുപക്ഷ സ്വഭാത്തിലൂന്നിയുള്ളതായിരുന്നില്ല. പാർട്ടി പ്രവർത്തകർ നിയമം കയ്യിലെടുത്തത് രക്ഷാപ്രവർത്തനമായി വ്യാഖ്യാനിച്ചതും തിരിച്ചടിയായി. ഇടുക്കി കുമളിയിൽ നടക്കുന്ന എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം.
ബിജെപി സർക്കാരിനെ താഴയിറക്കാൻ ഭൂരിഭാഗം ജനങ്ങളും കോൺഗ്രസിനൊപ്പം നിന്നതാണ് തോൽവിക്ക് കാരണമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുമ്പോഴും അതിരൂക്ഷമായാണ് മുഖ്യമന്ത്രിക്കെതിരെ എ.ഐ.വൈ.എഫ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിലും സർക്കാരിന് അലംഭാവമുണ്ടായി. പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ സ്റ്റൈഫൻഡ് മുടങ്ങിയതും ഇടതുപക്ഷവിരുദ്ധതക്ക് വഴിയൊരുക്കിയെന്നും റിപ്പോർട്ടിലുണ്ട്.
കനത്ത തോൽവിയിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യങ്ങളും മുന്നണിയും പാർട്ടിയും പ്രത്യേകം പരിശോധിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.