'അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും': മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ബിനോയ് വിശ്വം
|സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. അന്വേഷണ റിപ്പോർട്ട് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി സിപിഐയോട് ആവശ്യപ്പെട്ടതായും ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടീവിൽ പറഞ്ഞു.
അതേസമയം എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചു പോരുന്നത്. ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ക്രമസമാധാനം ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്നും എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും പറഞ്ഞ ബിനോയ് വിശ്വം, താൻ പറയുന്നത് സ്വന്തം അഭിപ്രായമല്ല സിപിഐയുടെ നിലപാടാണെന്നും വ്യക്തമാക്കിയിരുന്നു.