അജിത്കുമാറിനെ മാറ്റാതെ പറ്റില്ല; നിലപാട് കടുപ്പിച്ച് മുന്നണികൾ, പ്രതിരോധത്തിലായി സിപിഎം
|അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐയും ആർജെഡിയും എൻസിപിയും
തിരുവനന്തപുരം: ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ചയിൽ എഡിജിപി എം.ആർ അജിത്കുമാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഘടക കക്ഷികൾ. അജിത്കുമാറിനെ മാറ്റാതെ പറ്റില്ലെന്ന് സിപിഐ അവൈലബിൾ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അഭിപ്രായമുയർന്നത്.
എൽഡിഎഫ് യോഗം ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് സിപിഐ നിലപാട് കടുപ്പിച്ചത്. എൽഡിഎഫ് യോഗത്തിലും കർക്കശമായ നിലപാടെടുക്കണമെന്നും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് അവൈലബിൾ എക്‌സിക്യൂട്ടീവ് ചേർന്നത്. അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാട് മുന്നണി യോഗത്തിന് മുൻപ് എം.വി ഗോവിന്ദനെ ബിനോയ് വിശ്വം അറിയിച്ചിരുന്നു.
അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് മുന്നണിയിലെ മറ്റു ഘടക കക്ഷികളായ ആർജെഡിയും എൻസിപിയും രംഗത്തുവന്നു. എൽഡിഎഫ് യോഗത്തിന് മുന്നേയാണ് ഇവരും നിലപാട് കടുപ്പിച്ചത്. അജിത് കുമാറിനെ പുറത്താക്കണമെന്ന ആവശ്യത്തിൽ കക്ഷികളും ഉറച്ചുനിൽക്കുകയാണ്. എൽഡിഎഫിന്റെ നിർണായക യോഗം അല്പസമയത്തിനു മുമ്പ് തിരുവനന്തപുരത്ത് ആരംഭിച്ചു.