Kerala
അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി: വികാരഭരിതനായി ആന്റണി
Kerala

'അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി': വികാരഭരിതനായി ആന്റണി

Web Desk
|
6 April 2023 12:01 PM GMT

"എത്രനാളുണ്ടാകുമെന്ന് അറിയില്ല, പക്ഷേ എത്രകാലം ജീവിച്ചാലും മരിക്കുന്നത് ഒരു കോൺഗ്രസുകാരനായിട്ടായിരിക്കും"

തിരുവനന്തപുരം: ബിജെപിയിൽ ചേരാനുള്ള മകൻ അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്ന് എ.കെ ആന്റണി. അതൊരു തെറ്റായ തീരുമാനമായി എന്നും തന്റെ അവസാനശ്വാസം വരെ ആർഎസ്എസിനെതിരെ പോരാടുമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

"അനിലിന്റെ തീരുമാനം തീർച്ചയായും വേദനയുണ്ടാക്കി. അതൊരു തെറ്റായ തീരുമാനമായിരുന്നു. ഇന്ത്യയുടെ ഐക്യം ബഹുസ്വരതയിലും മതേതരത്വത്തിലും ഊന്നിയുള്ളതാണ്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യം കാത്തുസൂക്ഷിച്ച ഈ നയങ്ങളെ ദുർബലപ്പെടുത്താൻ തുടർച്ചയായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇത് സാവകാശമാണ് നടന്നതെങ്കിൽ 2019ൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യം ഏകത്വത്തിലേക്ക് നീങ്ങണം എന്ന ഉറച്ച നിലപാടിലാണ് കാര്യങ്ങളുടെ പോക്ക്. ഫലമോ, രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു. ആപത്താണ് ഇത്. അവസാനശ്വാസം വരെ ബിജെപിക്കെതിരെ ശബ്ദമുയർത്തും.

സ്വാതന്ത്രത്യസമരകാലം മുതൽ ജാതിയോ മതമോ ഭാഷയോ വർണമോ വർഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ടവരാണ് നെഹ്‌റു കുടുംബം. വിട്ടുവീഴ്ചയില്ലാതെ അതിന്നും തുടരുന്നു. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങൾ. ഒരു ഘട്ടത്തിൽ ഇന്ദിരാ ഗാന്ധിയുമായി അകന്നു. ഒരിക്കൽ വിട്ടുപോയെങ്കിലും തിരിച്ചു വന്നപ്പോൾ അവരോട് ബഹുമാനമായിരുന്നു. എന്നും ആ കുടുംബത്തോടാണ് കൂറ്. ജീവിതത്തിന്റെ അവസാനകാലത്തിലൂടെയാണ് കടന്നു പോകുന്നത്. എത്രനാളുണ്ടാകുമെന്ന് അറിയില്ല. പക്ഷേ എത്രകാലം ജീവിച്ചാലും മരിക്കുന്ന ഒരു കോൺഗ്രസുകാരനായിട്ടായിരിക്കും. ഇനിയൊരിക്കലും അനിലുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ല". ആന്റണി പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് അനിൽ ആന്റണി ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

ബിജെപിയിൽ ചേർന്നയുടനെ കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ അനിൽ നേതാക്കൾ കുടുംബവാഴ്ചയ്‌ക്കൊപ്പമാണെന്ന് ആരോപിച്ചു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഇത് കുടുംബവിഷയമല്ല എന്നും അനിൽ കൂട്ടിച്ചേർത്തിരുന്നു.

Similar Posts