'മൈക്ക് തകരാറിലായതും മുദ്രാവാക്യം ഉയർന്നതും വി.ടി ബൽറാം എഴുന്നേറ്റപ്പോൾ'; പന്തികേടുണ്ടെന്ന് എ.കെ.ബാലൻ
|മൈക്ക് മനഃപൂർവം തകരാറിലാക്കിയതാണോ എന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിൽ കോണ്‍ഗ്രസ് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. വി.ടി.ബൽറാം എഴുന്നേറ്റ് നിന്നപ്പോഴാണ് മുദ്രാവാക്യം വിളി ഉണ്ടായതും മൈക്ക് തകരാറിലായതും. പലകാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ പന്തികേടുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു.
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിൽ കേസ് എടുത്തത് രാഷ്ട്രീയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മൈക്ക് മനഃപൂർവം തകരാറിലാക്കിയതാണോ എന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമാണെന്നാണ് പൊലീസ് എഫ്.ഐ.ആർ. പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ, മൈക്ക് തകരാറിലായത് തിരക്കിൽ ആളുകൾ തട്ടിയാണെന്ന് മൈക്ക് സെറ്റ് ഉടമ രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ സദസിന് മുന്നിൽ തിരക്കായി. തിരക്കിനിടെ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം ഉയർന്നത്. ഇതോടെയാണ് ഹൗളിങ് സംഭവിച്ചതെന്നും രഞ്ജിത്ത് പറയുന്നു. മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും പരിശോധന നടത്തും.