ആനയുടെ കാര്യം പറയാതെ അണ്ണാന്റെ കാര്യവും പറഞ്ഞ് കോൺഗ്രസ് നടക്കുന്നു: എ.കെ ബാലൻ
|വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എസ്.എഫ്.ഐയെ ഇല്ലാതാക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും എ.കെ ബാലൻ
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എസ്.എഫ്.ഐയെ ഇല്ലാതാക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും എ.കെ ബാലൻ. വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു സംസ്ഥാനം ആളിക്കത്തുകയാണ്. നിരപരാധികൾ കൊല ചെയ്യപ്പെടുന്നു. ആ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കാൻ പോയത്. രാജ്യത്തിന്റെ അഭിമാനമായ നെഹ്‌റു മ്യൂസിയം ചരിത്രത്തിൽ നിന്ന് തന്നെ ഇല്ലാതാക്കി, ഇതിനെപ്പറ്റിയൊക്കെ ഒരക്ഷരം പറയാതിരുന്ന കോൺഗ്രസിന്റെ നേതൃത്വവും കെ.പി.സി.സിയും ആനയുടെ കാര്യം പറയാതെ അണ്ണാന്റെ പിറകെ പോകുകയാണെന്ന് ബാലന്‍ പരിഹസിച്ചു.
ആരോപണ വിധേയനായ നിഖിലിനെതിരെ നടപടിയെടുത്തു. ഇതിൽ അപ്പുറം ആ വിഷയത്തിൽ എസ്.എഫ്.ഐക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എസ്.എഫ്.ഐക്കെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ഒട്ടുമിക്ക കോളജുകളും ഇപ്പോള്‍ എസ്.എഫ്.ഐയുടെ കീഴിലാണ്. ഇടതുപക്ഷക്കാരല്ലാത്തവരുടെ ആകർഷണം പോലും എസ്.എഫ്.ഐക്കുണ്ട്. കെ.എസ്.യുവിനെ മൂലക്കിരുത്തി ഈ നിലയിലേക്ക് എത്തിച്ചത് എസ്.എഫ്.ഐയുടെ മിടുക്കാണ്, എ.കെ ബാലൻ പറഞ്ഞു.
വിദ്യാർഥികളുടെ ഇടയിൽ നിന്ന് കെ.എസ്.യു ഒറ്റപ്പെട്ടു, അതിന് എസ്.എഫ്.ഐയോട് അസൂയപ്പെട്ടിട്ട് കാര്യമില്ല. എസ്.എഫ്.ഐക്കെതിരെ ആരുടെ ഭാഗത്ത് നിന്നും എന്ത് നീക്കമുണ്ടായാലും ചെറുത്ത് തോൽപിക്കാൻ ആ പ്രസ്ഥാനത്തിന് കഴിയും. എം.വി ഗോവിന്ദനെതിരായ വിമർശനത്തിന് മറുപടി അർഹിക്കുന്നില്ലെന്നും എ.കെ ബാലൻ പറഞ്ഞു. പാളിപൊളിഞ്ഞ മരണക്കിണറ്റിലെ മോട്ടോർ സൈക്കിളുകാരനാണ് കെ.സുധാകരൻ. അദ്ദേഹത്തിന് ഈ ജന്മത്തിൽ കോൺഗ്രസിനെ നന്നാക്കാനാവില്ലെന്നും എ.കെ ബാലൻ പറഞ്ഞു.