ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനാതലം ചലിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയെന്ന് എ.കെ ബാലൻ
|സംസ്ഥാനത്ത് എൽ.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകുമെന്നും സി.പി.എം നേതാവ് പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനാതലം ചലിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ.എൽ.ഡി.എഫിന്റെ വിജയത്തെ മുന്നിൽ കണ്ടുകൊണ്ട് എല്ലാവഴിവിട്ട മാർഗങ്ങളും യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ലാമിയും മറ്റൊരു ഭാഗത്ത് എസ്.ഡി.പി.ഐയുമായിരുന്നു.
ചിലയിടങ്ങളിൽ ആർ.എസ്.എസിലെ ഒരു വിഭാഗത്തിന്റെ സഹായവും കിട്ടിയിട്ടുണ്ട്. ഇത് പ്രകടമായത് വടകര പാർലമെന്റ് മണ്ഡലത്തിലാണ്. എൽ.ഡി.എഫിന് മികച്ച വിജയം ലഭിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഈ പ്രവർത്തനം അവർ നല്ലരൂപത്തിൽ കാഴ്ചവെച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സംസ്ഥാനത്ത് എൽ.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും.
യു.ഡി.എഫ് സ്വീകരിച്ച ഈ വഴിവിട്ട മാർഗം പൊതുജനാധിപത്യ- മതേതര സംവിധാനത്തിനും, കേരളത്തിലെ സംശുദ്ധരാഷ്ട്രീയത്തിനും ഏറ്റവും വലിയ ആപത്തായിരിക്കും ഉണ്ടാക്കുക. അവർ ഈ വഴികളെല്ലാം സ്വീകരിക്കുമെന്നറിയാവുന്നത് കൊണ്ടുതന്നെ എൽ.ഡി.എഫിന്റെ സംഘടനാ പ്രവർത്തനം ഏറ്റവും ഐക്യത്തോടെ മുന്നോട്ട് പോവുകയും ഏറ്റവും നല്ല സ്ഥാനാർഥികളെ നിർത്തുകയും ചെയ്തു. അതുകൊണ്ട് നല്ല സ്വീകാര്യതയാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് എല്ലായിടത്തും കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രിയത്തിൽ എൽ.ഡി.എഫിന് നല്ല മുൻതൂക്കമാണുള്ളത് അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.