'ക്രിസ്റ്റൽ ക്ലിയർ' പരാമർശം സരിനെ കുറിച്ച്, സന്ദീപിന്റേത് കറപറ്റി അശുദ്ധമായ കൈ'- എ.കെ ബാലൻ
|സന്ദീപ് ആർഎസ്എസ് ആശയം തള്ളി സിപിഎം ആശയം ഉൾക്കൊള്ളാൻ തയ്യാറായാൽ ആലോചിക്കാം എന്നാണ് താൻ പറഞ്ഞതെന്നും എ.കെ ബാലൻ
പാലക്കാട്: സന്ദീപിനെ പറ്റി താൻ പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന 'ക്രിസ്റ്റൽ ക്ലിയർ' പരാമർശം യഥാർഥത്തിൽ സരിനെ പറ്റിയുള്ളതായിരുന്നുവെന്ന് എ കെ ബാലൻ. സന്ദീപ് ആർഎസ്എസ് ആശയം തള്ളി സിപിഎം ആശയം ഉൾക്കൊള്ളാൻ തയ്യാറായാൽ ആലോചിക്കാം എന്നാണ് താൻ പറഞ്ഞതെന്നും കറപറ്റി അശുദ്ധമായ കൈയാണ് സന്ദീപ് വാര്യരുടേതെന്നും എ.കെ ബാലൻ പറഞ്ഞു. പാലക്കാട് വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു എ.കെ ബാലന്റെ പ്രതികരണം.
എ.കെ ബാലന്റെ വാക്കുകൾ :
"ഇപ്രാവശ്യം നമ്മുടെ സ്ഥാനാർഥി ഡോ.സരിൻ ആവേശകരമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് അടക്കം പ്രചാരണത്തിനെത്തിയ സ്ഥലമാണിത്. പക്ഷേ മതന്യൂനപക്ഷങ്ങളിൽ ഈ അടുത്തുണ്ടായ ആശങ്ക മാറ്റാൻ അവർക്ക് കഴിഞ്ഞിട്ടില്ല. തന്നെയല്ല, അതിരൂക്ഷമാണ് ആശങ്ക. കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവ് ഇപ്പോൾ പ്രകടമാണ്. അതിന്റെ ഭാഗമായായിരുന്നു സന്ദീപിന്റെ കോൺഗ്രസ് പ്രവേശനവും. സരിൻ ഇത് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അവസാന ഘട്ടത്തിലാണ് ഇവരുടെ അണിയറ രഹസ്യങ്ങൾ പുറത്ത് വന്നത്.
സാധാരണ നിലയിൽ ഒരു പൊതുപ്രവർത്തകൻ കോൺഗ്രസിലേക്ക് പോകുന്നതിനെ ഞങ്ങൾ എതിർക്കേണ്ട കാര്യമില്ല. എന്നാൽ, കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും പരാമർശിക്കാത്ത രൂപത്തിലുള്ള കാര്യങ്ങൾ മതന്യൂനപക്ഷത്തിനെതിരായ പറഞ്ഞിരുന്നയാളാണ് സന്ദീപ് വാര്യർ. കശ്മീർ മുസ്‌ലിംകളെ ടയറ് കെട്ടി കത്തിച്ച്, ശവം പാകിസ്താനിലേക്ക് അയക്കണമെന്ന് പറഞ്ഞയാളാണ് അദ്ദേഹം. സന്ദീപ് ആർഎസ്എസിൽ നിന്ന് മോചിതനായിട്ടുണ്ടോ? സംഘപരിവാറിനെതിരായി അദ്ദേഹം പ്രവർത്തിക്കുമോ? ഇത്തരത്തിൽ ഒരുറപ്പും അദ്ദേഹം ഇതുവരെ നൽകിയിട്ടില്ല.
അതിനിടയിലാണ് സാദിഖലി തങ്ങളെയും ജിഫ്രി തങ്ങളെയുമൊക്കെ അദ്ദേഹം പോയി കണ്ടത്. മനുസ്മൃതിയുടെ ഭരണം വരണമെന്ന് പറഞ്ഞയാൾ ജിഫ്രി തങ്ങളെ കണ്ടിട്ട് കാര്യമില്ല. അത്രയും കറപറ്റി അശുദ്ധമായ അദ്ദേഹത്തിന്റെ കൈ കഴുകാൻ അറേബ്യയിലെ മുഴുവൻ സുഗന്ധതൈലവും പോര. അമ്മ മരിച്ചതിൽ ആരും വന്നില്ലെന്ന് പറഞ്ഞപ്പോഴാണ് സന്ദീപിനെ പിന്തുണച്ചത്. ക്രിസ്റ്റൽ ക്ലിയർ എന്ന് പരാമർശിച്ചതും സന്ദീപിനെ അല്ല. സരിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു ആ പരാമർശം"
രാഹുൽ മാങ്കൂട്ടത്തിലിന് വലിയ തിരിച്ചടിയാകും ഇത്തവണ ലഭിക്കുക. രാഹുലും സന്ദീപ് വാര്യരും നടത്തിയ ഗൂഢാലോചന ജനം തിരിച്ചറിയും. സാധാരണ തങ്ങളുടെ ശക്തനായ ഒരു നേതാവ് കോൺഗ്രസിൽ പോയാൽ ആർഎസ്എസ് പ്രതികരിക്കാതെ ഇരിക്കുമോ? ഇവിടെ ഒരക്ഷരം മിണ്ടിയോ ആർഎസ്എസ്? ഇത് ആർഎസ്എസിന്റെ ഒരു വിഭാഗവും രാഹുൽ മാങ്കൂട്ടത്തിലും നടത്തിയ ഗൂഢാലോചന കൊണ്ടാണ്".