സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിലെന്ന് എ.കെ ബാലൻ
|ലീഗ് ഭീകര ശക്തികളോടും വർഗീയ ശക്തികളോടും വിധേയപ്പെട്ട് പോകുന്നുണ്ടെന്നും വിമർശനം
പാലക്കാട്: സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിലെന്ന് എ.കെ ബാലൻ. കോൺഗ്രസ് പ്രവർത്തകർക്കും ഇതറിയാം. ഇത്തരം വർഗീയ കൂട്ട് കേരളം അംഗീകരിക്കണോ എന്നും ബാലൻ ചോദിച്ചു.
പാണക്കാട് തങ്ങളുടെ വീട്ടിൽ പോയി വാര്യർ പച്ച ലഡു കഴിച്ചു. വർഗീയ ശക്തികളോടും ഭീകര ശക്തികളോടും മുസ്‌ലിം ലീഗ് വിധേയപ്പെട്ടു പോവുന്നുണ്ട്.
ആർഎസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് സന്ദീപ് വാര്യർ പറയണമെന്നും നിലപാട് വ്യക്തമാക്കണമെന്നും ബാലൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരായ കെ.എം ഷാജിയുടെ പരാമർശത്തിലും ബാലൻ പ്രതികരിച്ചു. ഷാജി രണ്ട് വോട്ടിന് മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുത്തുകയാണ്. ഈ വിഷയത്തിൽ റിസർച്ച് ചെയ്ത ആളാണ് കെ.എം ഷാജി. മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചിട്ടില്ല. മുസ്‌ലിം ലിഗിന്റെ പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ രാഷ്ട്രിയ വിമർശനം മാത്രമായിരുന്നു അത് എന്നും ബാലൻ പറഞ്ഞു.
എസ്ഡിപിഐ, ജമാഅത്തുമായി ഇതുവരെ ഇത്ര നിർലജ്ജമായി യുഡിഎഫ് കൂട്ടു കൂടിയിട്ടില്ല, മുസ്‌ലിം ലീഗിന് സമീപകാലത്ത് ഇവരോടുള്ള നിലപാടിൽ മാറ്റമുണ്ടായിട്ടുണ്ട് ഇതിനെ ആർഎസ്എസ് ഉപയോഗിക്കുമെന്നും ബാലൻ പറഞ്ഞു.