'ഒരു പ്രമാണിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല'; എം.എൽ.എ സ്ഥാനം രാജിവെക്കണമോയെന്ന് മുകേഷ് തീരുമാനിക്കണമെന്ന് എ.കെ ശശീന്ദ്രന്‍
|രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് സർക്കാരിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും ശശീന്ദ്രന്‍
കോഴിക്കോട്: എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എ.കെ ശശീധരൻ. ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല. അത്തരം ഒരു കീഴ് വഴക്കം കേരളത്തിലില്ല. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് സർക്കാരിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സി.പി.എം നിലപാട്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വാദം.
കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്നത്. അന്ന് ഉന്നയിച്ച ആരോപണത്തിൽ അവർ ഇപ്പോഴും ഉറച്ചു നിൽക്കുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് മിനു എന്ന നടി മുകേഷിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചത്. ഇതോടെ മുകേഷിന്‍റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തു.