'ആരുടെ മുമ്പിലും മുട്ടുവിറക്കില്ല, ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കും' മരംമുറി ഉത്തരവ് വിവാദത്തിൽ ശശീന്ദ്രൻ
|വിവാദമായ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്, ആരുടെ മുമ്പിലും ഈ സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കില്ല, അങ്ങനൊരി ഗതികേട് സർക്കാരിനില്ല. എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവ് ഇറങ്ങി എന്ന് വിശ്വസിക്കാൻ ജനം മണ്ടൻമാരല്ല എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതികരണം. മന്ത്രി അറിയാതെ ഉദ്യോഗസ്ഥർ ഇക്കാര്യം ചെയ്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.152 അടി വരെ ജലനിരപ്പ് ഉയർത്താന്‍ തമിഴ്നാടിനെ അനുവദിക്കുന്ന നാടകമാണിത്. പിന്നില്‍ സംസ്ഥാന സര്‍ക്കാരിന് ഗൂഢ ലക്ഷ്യം ഉണ്ട്. പ്രതിപക്ഷം സഭയില്‍ പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിൽ സംസ്ഥാന സർക്കാർ വിശദീകരണം തേടി. യോഗം ചേരാനുണ്ടായ കാരണം വനം, ജലവിഭവ വകുപ്പ് സെക്രട്ടറിമാർ വിശദീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മരം മുറി മരവിപ്പിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞത്.മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പ്രതികരിച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിന് നന്ദി പറഞ്ഞതോടെയാണ് മരംമുറി ഉത്തരവ് സംബന്ധിച്ച വിവരം പുറത്തുവന്നത്. തമിഴ്നാടിന്‍റെ ദീർഘകാല ആവശ്യം കേരളം അംഗീകരിച്ചതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനാവുമെന്ന് എം.കെ സ്റ്റാലിൻ കത്തില്‍ പറയുകയുണ്ടായി. ഈ ഉത്തരവ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുക്കുകയാണെന്നും തമിഴ്നാടിന്‍റെ താത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ താനോ മുഖ്യമന്ത്രിയോ അറിയാതെയാണ് ഉദ്യോഗസ്ഥര്‍ ഈ ഉത്തരവ് ഇറക്കിയതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ വിശദീകരിച്ചു. ഉച്ചയോടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.