Kerala
കുണ്ടറ പീഡനം; ശശീന്ദ്രനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ദേശീയ വനിത കമ്മീഷനിലും പരാതി നൽകിയേക്കും
Kerala

കുണ്ടറ പീഡനം; ശശീന്ദ്രനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ദേശീയ വനിത കമ്മീഷനിലും പരാതി നൽകിയേക്കും

Web Desk
|
24 July 2021 1:35 AM GMT

കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടർനടപടികൾ ആരംഭിച്ചു

കുണ്ടറ പീഡന പരാതിയിൽ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ യുവതി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ദേശിയ വനിതാ കമ്മീഷനിലും ഇന്ന് പരാതി നൽകിയേക്കും. കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടർനടപടികൾ ആരംഭിച്ചു. അതേസമയം പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.

വനം മന്ത്രി എ.കെ ശശീന്ദ്രൻ, മുൻ എൻ.സി.പി നേതാവ് ജി.പത്മാകരൻ, രാജീവ് എന്നിവർക്ക് എതിരെ പൊലീസിൽ മൊഴി നൽകിയതിന് പിന്നാലെയാണ് യുവതി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ദേശിയ വനിതാ കമ്മീഷനിലും പരാതി നൽകുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് പരാതി. തിങ്കളാഴ്‌ചയാണ് മന്ത്രിക്ക് എതിരെ ഗവർണർക്ക് പരാതി കൈമാറുക. രാജ്ഭവനിൽ നേരിട്ട് എത്തിയായിരിക്കും പരാതി നൽകുക.

പീഡന പരാതി ഒത്തുതീർപ്പാക്കാനും കേസിനെ സ്വാധീനിക്കാനും ശ്രമിച്ചു എന്ന് കാണിച്ചാകും പരാതി. അതേസമയം കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം പൊലീസിനെ അറിയിച്ചില്ല എന്നതടക്കമുള്ള വകുപ്പുകൾ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ചുമത്താവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

എന്നാൽ പത്മാകരന്‍റെ അറസ്റ്റ് വൈകുന്നതിൽ പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രതിഷേധമുണ്ട്. രാഷ്ട്രീയ പരിരക്ഷയാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്നാണ് പ്രധാന ആരോപണം. അറസ്റ്റ് വൈകിയാൽ കുണ്ടറ പൊലീസ് സ്റ്റേഷനു മുന്നിൽ പരാതിക്കാരി കുത്തിയിരുന്നു പ്രതിഷേധിക്കാനും തീരുമാനമുണ്ട്.



Similar Posts