Kerala
മതേതര മാനസികാവസ്ഥയിലേക്ക് അണികളെ എത്തിച്ചോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം: എകെ ശശീന്ദ്രൻ
Kerala

മതേതര മാനസികാവസ്ഥയിലേക്ക് അണികളെ എത്തിച്ചോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം: എകെ ശശീന്ദ്രൻ

Web Desk
|
31 Dec 2021 5:38 AM GMT

"മതേതര കക്ഷിയായി ജീവിക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്"

കോട്ടക്കൽ: മതേതര കക്ഷികൾ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ മുസ്‌ലിം ലീഗ് ഒരു തുരുത്തായി മാറി നിൽക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മതേതര കക്ഷിയായി ജീവിക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്. എന്നാൽ, ചില വിഷയങ്ങളിൽ മതേതര ചിന്തകൾ മറന്നു കൊണ്ടാണ് ലീഗ് ചില കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ലീഗിന് നല്ല സ്വാധീനമുണ്ടെങ്കിലും മതേതര സംസ്ഥാനത്തിന് പറ്റിയ മാനസികാവസ്ഥയിലേക്ക് അണികളേയും മുസ്‌ലിം സമുദായത്തേയും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടക്കലിൽ ആയുർവേദ ചികിത്സക്കെത്തിയതായിരുന്നു മന്ത്രി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും ലീഗിനെതിരെ രംഗത്തു വന്നിരുന്നു. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി എടുത്തണിയാൻ ശ്രമിക്കുന്നു എന്നാണ് തിരൂരിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചിരുന്നത്.

'ഓരോ ആളും അവരുടെ സംസ്‌കാരം അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. ഞാൻ ആദ്യം പറഞ്ഞ കാര്യം പറയുകയാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. അതിനപ്പുറം അതേക്കുറിച്ച് ഒന്നും പറയാനില്ല. ലീഗ് അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്തണിയാൻ ശ്രമിക്കുകയാണ്. എസ്ഡിപിഐയുടെ തീവ്രനിലപാടിലേക്ക് എത്താനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും പുച്ഛിക്കുകയാണ്. തങ്ങൾ തന്നെ ആദരിച്ചിരുന്ന മഹത്തുക്കളെ വലിയ തോതിൽ ഇകഴ്ത്തിക്കാണിക്കുന്നു. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് അവർ ചിന്തിക്കണം. കോൺഗ്രസിന് സംഭവിച്ചത് നാം കണ്ടു. ലീഗിനും ഇതേ അവസ്ഥയാണ് വരാൻ പോകുന്നത്.'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts