ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരി കീഴടങ്ങി
|കേസിൽ ആകാശ് ഉൾപ്പടെ മൂന്ന് പ്രതികൾക്കും ജാമ്യം
കണ്ണൂർ: ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിൽ അൽപ സമയം മുമ്പാണ് കീഴടങ്ങിയത്. കേസിൽ ആകാശ് ഉൾപ്പടെ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു.
ആകാശിന്റെ കൂട്ടാളികളായ ജിജോ, ജയപ്രകാശ് എന്നിവരെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആകാശും കൂട്ടാളികളും ഇന്ന് ഉച്ചയോടെ തന്നെ കീഴടങ്ങുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഇവരെത്തിയിരുന്നില്ല. ഇതിനിടയിലാണ് ജിജോയെയും ജയപ്രകാശിനെയും കസ്റ്റഡിയിലെടുക്കുന്നത്. ഇവരെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു എന്ന വാർത്തയെത്തിയതിന് പിന്നാലെയാണ് ആകാശിന്റെ കീഴടങ്ങൽ. മറ്റ് രണ്ടുപേർക്കുമുള്ള ജാമ്യ ഇളവുകൾ തന്നെയാണ് ആകാശിനുമുള്ളത്.
ആകാശ് കൊച്ചിയിലേക്ക് പോയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കണ്ണൂരിൽ തന്നെയുണ്ടായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാനാവുന്നത്. പൊലീസ് സ്‌റ്റേഷനിലെത്തുമ്പോൾ മറ്റേതെങ്കിലും വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്ന് ആകാശിനും കൂട്ടാളികൾക്കും ആശങ്കയുണ്ടായിരുന്നുവെന്നാണ് കീഴടങ്ങലിലൂടെ മനസ്സിലാക്കാവുന്ന കാര്യം. ഇങ്ങനെ വന്നാൽ ജാമ്യം ലഭിക്കില്ല. അതുകൊണ്ടു തന്നെ കൂട്ടാളികളെ കസ്റ്റഡിയിലെടുപ്പിച്ച്, ശേഷം ഇവരുടെ പേരിൽ മറ്റ് വകുപ്പുകൾ ചേർത്തിട്ടില്ല എന്ന് മനസ്സിലാക്കിയ ശേഷമാണ് ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്.
സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചു എന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്തത്. ആകാശിനെതിരെ എം.വി ഗോവിന്ദനടക്കം രംഗത്ത് വന്നിരുന്നു.