അസിസ്റ്റന്റ് ജയിലറെ മർദിച്ച സംഭവം: ആകാശ് തില്ലങ്കേരിയെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി
|രാഹുലിന്റെ പരാതിയിൽ ആകാശിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്
തിരുവനന്തപുരം: ശുഐബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി. അസിസ്റ്റന്റ് ജയിലറെ മർദിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ ആകാശിനെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചതിരിഞ്ഞ് ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദിച്ചത്. ഇതിന് ശേഷം രാഹുൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. രാഹുലിന്റെ പരാതിയിൽ ആകാശിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി.
2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശുഐബിനെ കൊലപ്പെടുത്തിയത്. തട്ടുകടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുമ്പോൾ ക്വട്ടേഷൻ സംഘം ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഐബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബ് വധക്കേസിന് പുറമെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിൻറെ കൊലപാതകമടക്കം 12 കേസുകളിൽ പ്രതിയാണ് ആകാശ്. ശുഐബ് വധക്കേസിൽ പ്രതിയായതോടെ ആകാശിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.