ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ; വിയ്യൂരിലേക്ക് മാറ്റുമെന്ന് സൂചന, 6 മാസം കരുതൽതടങ്കലിൽ
|ഇന്നലെ വൈകിട്ടാണ് ആകാശിനെയും കൂട്ടാളി ജിജോയെയും മുഴക്കുന്നു പൊലീസ് കസ്റ്റ്ഡിയിൽ എടുത്തത്
കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും കാപ്പ ചുമത്തി ജയിലിൽ അടച്ചു. പുലർച്ചെ 4.15 ഓടെയാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഇരുവർക്കും എതിരെ കാപ്പ ചുമത്തി കലക്ടർ ഉത്തരവ് ഇറക്കിയത്. കാപ്പ ചുമത്തി ജയിലിലടക്കുന്ന ഒരാളെ അതത് ജില്ലകളിലെ ജയിലിൽ പാർപ്പിക്കുന്ന പതിവില്ല. അതുകൊണ്ട് തന്നെ വിയ്യൂരിലേക്ക് മാറ്റുമെന്നാണ് സൂചന.
ഇന്നലെ വൈകിട്ടാണ് ആകാശിനെയും കൂട്ടാളി ജിജോയെയും മുഴക്കുന്നു പൊലീസ് കസ്റ്റ്ഡിയിൽ എടുത്തത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശിന്റെ ജാമ്യം റദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ അടുത്ത ബുധനാഴ്ച നേരിട്ട് ഹാജരാകാൻ കോടതി ആകാശിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പൊലീസിന്റെ പുതിയ നീക്കം.
കഴിഞ്ഞ കുറച്ച് കാലമായി ആകാശും സംഘവും സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് തുടങ്ങിയിട്ട്. ഒടുവിൽ ഷുഹൈബ് വധക്കേസിൽ നടത്തിയ വെളിപ്പെടുത്തൽ പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കി. ഇതോടെയാണ് ആകാശിനെ പൂട്ടാൻ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തത്. രാത്രി പേരാവൂർ താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം മട്ടന്നൂർ മജിസ്റ്റേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കിയ ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.