'എന്തും പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട'; മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി
|എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട, കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും ആകാശ് തില്ലങ്കേരിയുടെ ഭീഷണി
കണ്ണൂര്‍: പാർട്ടി വിട്ട ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനുവിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി.
'എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട, കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും ആകാശ് തില്ലങ്കേരി പറയുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ആകാശിന്റെ കുറിപ്പ്. വാര്‍ത്തയായതോടെ കുറിപ്പ് പിന്നീട് നീക്കം ചെയ്തു. പി.ജയരാജനും മനുതോമസും തമ്മിലെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് അണികളും അതിനെ ചുവട് പിടിച്ച് രംഗത്ത് എത്തുന്നത്.
പാർട്ടിയെ കൊത്തിവലിക്കാൻ മാധ്യമങ്ങളിലൂടെ അവസരം ഒരുക്കിയത് പി. ജയരാജനാണ്. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ സൃഷ്ടിച്ചു. പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു മനുതോമസ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നത്.
താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ് പറഞ്ഞത്. മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി പുറത്താക്കിയതാണെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മനു വ്യക്തമാക്കിയിരുന്നു.
കുറച്ച് നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽ നിർജീവമായിരുന്നു മനു. 2023 ഏപ്രിലിന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിരുന്നില്ല. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു. പരാതിയിൽ അനുകൂല നിലപാട് ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാർട്ടി വിടുന്നതെന്നും മനു പറയുന്നു.
Watch Video Report