എ.കെ.ജി സെന്റർ ആക്രമണം; ജിതിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളിലെ കാറും ടീഷർട്ടും
|സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെ കുടുക്കിയത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാർ. കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയത് ജിതിനിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിനിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ജിതിന്‍ ധരിച്ച ടീഷര്‍ട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാന്‍ സ്കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിന്‍ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷര്‍ട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിനിന്‍റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ്യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം ഈ മാസം 10ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.
ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയര്‍ന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.
പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.