Kerala
എകെജി സെന്‍റര്‍ ആക്രമണം; പത്തുനാള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് തുമ്പ് ലഭിക്കാതെ പൊലീസ്
Kerala

എകെജി സെന്‍റര്‍ ആക്രമണം; പത്തുനാള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് തുമ്പ് ലഭിക്കാതെ പൊലീസ്

Web Desk
|
10 July 2022 2:06 AM GMT

ഏകേദേശം അഞ്ഞൂറോളം പേരെ ഇതുവരെ ചോദ്യം ചെയ്തു

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പൊലീസ് അന്വേഷണം വഴിമുട്ടി. ആദ്യഘട്ടത്തില്‍ ലഭിച്ച തെളിവുകള്‍ക്കപ്പുറം ഒരു തുമ്പ് പോലും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഏകേദേശം അഞ്ഞൂറോളം പേരെ ഇതുവരെ ചോദ്യം ചെയ്തു. ആ‍ക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ആദ്യ ആരോപണത്തില്‍ നിന്ന് സി.പി.എമ്മും പിന്മാറി.

ജൂണ്‍ 30 രാത്രി 11.24നാണ് എകെജി സെന്‍ററിന്‍റെ രണ്ടാം കവാടത്തിലേക്ക് അക്രമി സ്ഫോടക വസ്തു എഞ്ഞത്. ഇവിടെ നിന്ന് ശരവേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവസമയം എകെജി സെന്‍ററിലുണ്ടായിരുന്ന പി.കെ ശ്രീമതി ടീച്ചറുടെ പ്രതികരണം ആരെയും ഞെട്ടിക്കുന്നതായിരുന്നു. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ രാഷ്ട്രീയ കലുഷിതമായ അന്തരീക്ഷത്തിലേക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ആരോപണം. ബോംബെറിഞ്ഞത് കോണ്‍ഗ്രസാണ്.

എന്നാല്‍ ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് ചോദ്യമുന സി.പി.എമ്മിന് നേര്‍ക്കാക്കി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നാലെ എകെജി സെന്‍റര്‍ ആക്രമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പ്രതിയാക്കാനുള്ള നീക്കങ്ങളും വിവാദമായി. വിഷയം നിമയസഭയില്‍ അടിയന്തര പ്രമേയമായി വന്നപ്പോള്‍ എല്‍ഡിഎഫ് ആരോപണം മയപ്പെടുത്തി. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി. എന്നാല്‍ മൂന്ന് ദിവസത്തിനിപ്പുറം മാധ്യമങ്ങളെ കണ്ട പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിയെ പിടികൂടുമെന്ന പ്രതീക്ഷ മാത്രമാണ് പങ്കുവച്ചത്. നിലവില്‍ അന്വേഷണസംഘം അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. അഞ്ഞൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ എല്ലാ ദിവസവും അന്വേഷണസംഘത്തിന്‍റെ യോഗം വിളിക്കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ അവധിയിലായതോടെ അതും മുടങ്ങി.



Similar Posts