Kerala
എകെജി സെന്റർ ആക്രമണം; യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന
Kerala

എകെജി സെന്റർ ആക്രമണം; യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന

Web Desk
|
24 Sep 2022 4:52 AM GMT

ആക്രമണ ഗൂഢാലോചനയിൽ മറ്റ് രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് കൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ യുഡിഎഫ് യുവ വനിതാ നേതാവിനും പങ്കെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് വനിത നേതാവിനെ ഉടൻ ചോദ്യം ചെയ്യും. ജിതിന് സ്‌കൂട്ടർ എത്തിച്ച് നൽകിയതും തിരികെ കൊണ്ടും പോയതും രാഷ്ട്രീയ പ്രവർത്തകയായ സുഹൃത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും വനിതാ നേതാവിനെ കേസിൽ പ്രതിയാക്കണമോയെന്ന തീരുമാനത്തിലെത്തുക. അതേസമയം, ആക്രമണ ഗൂഢാലോചനയിൽ മറ്റ് രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് കൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

എ.കെ.ജി സെന്‍റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. അതേസമയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്ത് വരികയാണ്.എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിയാൻ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഗൗരീശപട്ടത്തു വെച്ച് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. മാത്രവുമല്ല കേസിൽ നിർണായകമായ ഡിയോ സ്‌കൂട്ടർ കണ്ടെത്തണം. ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.

തെളിവുകളായ ടീ ഷർട്ടും ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. ഇതിനായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു എ.കെ.ജി സെന്ററിലടക്കം രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.

അതിനിടെ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നു ആരോപിച്ചു യൂത്ത് കോൺഗ്രസ് ഇന്ന് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച്‌ നടത്തും. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ തന്നെ ഇന്നലെ വ്യക്തമാക്കി.എ.കെ.ജി സെന്റർ ആക്രമണം സി.പി.എമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമെന്നായിരുന്നു കെ.സുധാകരന്റെ പരിഹാസം.



Related Tags :
Similar Posts