'എ.കെ.ജി സെന്ററില്‍ എറിഞ്ഞത് ബോംബ് തന്നെ; നിരോധിത രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി'-കോടതിയില്‍ പ്രോസിക്യൂഷന്
|പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്
തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പ്രതി ജിതിൻ എറിഞ്ഞത് പടക്കമല്ല ബോംബ് തന്നെയെന്ന് പ്രോസിക്യൂഷൻ. നിരോധിത രാസവസ്തുവായ പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു പ്രോസിക്യൂഷന്റെ വാദം. നിരോധിത രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഒരു കാരണവശാലും ജിതിന് ജാമ്യം അനുവദിക്കരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.
യൂത്ത് കോൺഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറുവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെ ജിതിന് സ്കൂട്ടർ എത്തിച്ചുകൊടുത്തത് വനിതാ നേതാവാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.