എ.കെ.ജി സെന്‍റര്‍ ആക്രമണം: കണ്ണൂരും വയനാടും കനത്ത ജാഗ്രത
|രാഹുൽ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്താനിരിക്കെയാണ് സുരക്ഷ കര്‍ശനമാക്കിയത്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ അർധരാത്രിയിൽ ബോംബേറുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. വയനാടും കണ്ണൂരും കനത്ത ജാഗ്രത. കണ്ണൂര്‍ വിമാനത്താവളത്തിനും സുരക്ഷ വര്‍ധിപ്പിക്കും.
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്താനിരിക്കെയാണ് സുരക്ഷ കര്‍ശനമാക്കിയത്. കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് രാഹുൽ വയനാട്ടിലേക്ക് പോകുന്നത്. എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് സംസ്ഥാനത്തെത്തുന്നത്. ബഫർ സോൺ വിഷയത്തിൽ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമത്തില്‍ രാഹുൽ പങ്കെടുക്കും.
എ.കെ.ജി സെന്ററിന് നേരെ ഇന്നലെ അർധരാത്രിയിലാണ് ബോംബേറുണ്ടായത്. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം.
ശബ്ദം കേട്ടാണ് നേതാക്കളടക്കമുള്ളവർ ഓടിയെത്തിയത്. രാത്രി തന്നെ പൊലീസ് ഫോറൻസിക് പരിശോധനയടക്കം പൂർത്തീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണ വിവരമറിഞ്ഞ് ഘടകകക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്ററിലേക്ക് എത്തി. ഡി.വൈ.എഫ്. ഐ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.