Kerala
AL Hadi association demand judicial enquiry on Sambhal masjid issue
Kerala

സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണം നടത്തണം - അൽഹാദി അസോസിയേഷൻ

Web Desk
|
26 Nov 2024 11:45 AM GMT

ആരാധനാലയങ്ങൾക്ക് 1947ലെ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തുന്ന നിലപാടാണ് സംഭൽ ഷാഹി മസ്ജിദിന്റെയും മറ്റു പല മസ്ജിദുകളുടെയും വിഷയത്തിൽ പല കോടതികളും സ്വീകരിക്കുന്നതെന്ന് അൽ ഹാദി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

തിരുവനന്തപുരം: ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അൽ ഹാദി അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സമാധാനപൂർവ്വം ജീവിച്ചു വരുന്ന ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കുകയും അവർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ശക്തികൾ ചെയ്യുന്നത്. ആരാധനാലയങ്ങൾക്ക് 1947ലെ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തുന്ന നിലപാടാണ് സംഭൽ ഷാഹി മസ്ജിദിന്റെയും മറ്റു പല മസ്ജിദുകളുടെയും വിഷയത്തിൽ പല കോടതികളും സ്വീകരിക്കുന്നത്.അപ്പീലിനുള്ള സമയം പോലും അനുവദിക്കാതെ സർവേ നടത്താനെന്ന പേരിൽ ജയ് ശ്രീരാം വിളികളുമായി ചിലർ മസ്ജിദിൽ പ്രവേശിച്ചതാണ് പ്രശ്‌നങ്ങൾക്കുള്ള അടിസ്ഥാന കാരണം.

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് പോലീസിന്റെ തോക്കിൽ നിന്നല്ല വെടിയേറ്റിരിക്കുന്നത്. വർഗീകരിക്കപ്പെട്ട പൊലീസ് സേനയുടെ മറവിൽ തീവ്ര വർഗീയ ശക്തികൾ അവിടെ അഴിഞ്ഞാടുകയായിരുന്നു എന്ന് വേണം അനുമാനിക്കാൻ. സംഭവത്തെ തുടർന്ന് കുറ്റക്കാരെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം ന്യൂനപക്ഷ സമുദായ നേതാക്കൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ഭരണപരാജയത്തിന്റെയും വികസനമുരടിപ്പിന്റെയും പേരിൽ അടുത്ത യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മണക്കുന്ന ബിജെപി കൂട്ടക്കൊലകളുടെയും വർഗീയ കലാപങ്ങളുടെയും മറവിൽ അധികാരത്തിൽ വരാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും മതിയായ നഷ്ടപരിഹാരവും നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എസ്. അർഷദ് അൽഖാസിമി, പാനിപ്ര ഇബ്‌റാഹീം ബാഖവി, ആബിദ് മൗലവി അൽഹാദി, സൈനുദ്ദീൻ ബാഖവി, അർഷദ് നദ്‌വി സംസാരിച്ചു.

Similar Posts