ആലപ്പുഴ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം
|ജില്ലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി
ആലപ്പുഴ: ലഹരിക്കടത്ത് വിവാദത്തിന് പിന്നാലെ ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായി തുടരുകയാണ്. ജില്ലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി. രഹസ്യ യോഗങ്ങൾ ചേർന്ന് വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നാണ് വിമർശനം.
ലഹരിക്കടത്തിൽ ആരോപണ വിധേയനായ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ ഷാനവാസിനെ സസ്‌പെൻഡ് ചെയ്ത് പാർട്ടി നടപടി. പിന്നാലെ നഗ്നദൃശ്യ വിവാദത്തിൽ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. നടപടികൾ ഉണ്ടായെങ്കിലും വിഭാഗീയതയ്ക്ക് അയവുണ്ടായിട്ടില്ല.
ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെ നീക്കം കടുപ്പിക്കുകയാണ് സജി ചെറിയാൻ പക്ഷം. ആലപ്പുഴയിലെ ആഡംബര ഹോട്ടലിലും തിരുവല്ലയിലെ സ്വകാര്യ പരിപാടിക്കിടയിലും ജില്ലാ സെക്രട്ടറി ഉൾപ്പെടെ 3 പ്രധാന നേതാക്കൾ രഹസ്യ യോഗം ചേർന്നെന്നാണ് ആരോപണം. ചർച്ചയായത് സജി ചെറിയാനെതിരായ നീക്കങ്ങൾ.
മാത്രമല്ല ലഹരിക്കടത്തിൽ ആരോപണ വിധേയനായ ഷാനവാസിനെതിരെ പൊലീസ്, ഇ.ഡി, ജിഎസ്ടി വകുപ്പ് എന്നിവിടങ്ങളിൽ സൗത്ത് ഏരിയ കമ്മിറ്റി അംഗം പരാതി നൽകിയത് പ്രമുഖരായ നേതാക്കൾ അറിഞ്ഞു കൊണ്ടാണെന്നും ആക്ഷേപമുണ്ട്. ഷാനവാസിനെതിരായ വിവരങ്ങൾ കോൺഗ്രസ് - ബി.ജെ.പി നേതാക്കൾക്ക് നൽകുന്നുവെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്.
വരുന്ന ജില്ലാ നേതൃയോഗങ്ങൾ ആരോപണ പ്രത്യാരോപണങ്ങളാൽ കലുഷിതം ആകുമെന്നുറപ്പ്. ജില്ലയിലെ പ്രശ്നങ്ങളിൽ പാർട്ടി അന്വേഷണ കമ്മീഷൻ പരിശോധന തുടരുന്നതിനിടെയാണ് വിഭാഗീയത രൂക്ഷമാകുന്നതെന്നതും ശ്രദ്ധേയം.