ആലപ്പുഴയിൽ ട്രെയിനിടിച്ച് മരിച്ച നന്ദുവിന് മർദനമേറ്റിരുന്നതായി എഫ്.ഐ.ആർ
|സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 8 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു
ആലപ്പുഴ: പുന്നപ്രയിൽ ട്രെയിൻ ഇടിച്ചു മരിച്ച നന്ദു എന്ന ശ്രീരാജിന് മർദനമേറ്റതായി പൊലീസ് എഫ്.ഐ.ആർ. ഞായറാഴ്ചയാണ് നന്ദുവിനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദുവിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 8 പേരെ പ്രതിചേർത്ത് പൊലീസ് കേസ് എടുത്തിരുന്നു.
ഇതിൽ മുന്ന, ഫൈസൽ എന്നിവർ ചേർന്നാണ് നന്ദുവിനെ മർദിച്ചതെന്നും പൊലീസ് പറയുന്നു. ഇവർ വീട്ടിൽ മാരകയുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇവർക്ക് പുറമെ നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മർദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ചു മരിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടർന്ന് നന്ദു ജീവനൊടുക്കി എന്നാണ് പൊലീസിന്റെ നിഗമനം.
ഇതിനുമുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾ നന്ദുവിന്റെ വീട്ടിനു മുൻപിലെത്തി ഇരുമ്പ് വടിയുമായി എത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് ജില്ലാ നേതൃത്വം തള്ളിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.