'ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ല, കർശന നടപടി വേണം'; കർദിനാൾ ജോർജ് ആലഞ്ചേരി
|'ഇതുപോലുള്ള കലാപങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ബന്ധപ്പെട്ടവർ സ്വീകരിക്കണം'
കൊച്ചി: മണിപ്പൂരിൽ നടക്കുന്ന കലാപത്തിനിടയിൽ ക്രൈസ്തവ ദൈവാലയങ്ങളും മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി.ഇത്തരം നശീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ആലഞ്ചേരി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
'മണിപ്പൂർ സംസ്ഥാനത്തുനടന്ന വംശീയപോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സന്മനസ്സുള്ള എല്ലാവരോടുംകൂടെ ഞാനും പങ്കുചേരുന്നു. മരണമടഞ്ഞവരുടെ നിത്യശാന്തിക്കുവേണ്ടിയും പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരുടെ സൗഖ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നു. അവിടെ കഴിവതും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'. അദ്ദേഹം പറഞ്ഞു.
'കലാപത്തിനിടയിൽ ക്രൈസ്തവ ദൈവാലയങ്ങളും മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇത്തരം നശീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നവർക്കെതിരേ കർശനമായ നിയമനടപടി സ്വീകരിക്കണം. ഇതുപോലുള്ള കലാപങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.' ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിൽ പറഞ്ഞു.