''എല്ലാവരും സന്തോഷവന്മാരാണ്; നേരിടാൻ പോകുന്നതിനെക്കുറിച്ചുള്ള ചിന്ത ഞങ്ങളെ തകർക്കുന്നില്ല''; തൂക്കിലേറ്റപ്പെടും മുൻപുള്ള ആലി മുസ്ലിയാരുടെ അഭിമുഖം പുറത്ത്
|''വിചാരണാവേളയിൽ തുണികൊണ്ട് കെട്ടിയ ഒരു ചെറിയ പൊതി പൊലീസ് എന്റേതെന്നു പറഞ്ഞ് ഹാജരാക്കിയിരുന്നു. അതിൽ കേവലം 17 രൂപയാണ് ഉണ്ടായിരുന്നത്. ബാക്കി എന്തുചെയ്തുവെന്ന് എനിക്കറിയില്ല. കണ്ടുകിട്ടുകയാണെങ്കിൽ പാവങ്ങൾക്ക് വിതരണം ചെയ്യണം.''
കോഴിക്കോട്: മലബാർ സമരത്തിന്റെ പേരിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ആലി മുസ്ലിയാർ വധശിക്ഷയ്ക്കു തൊട്ടുമുൻപ് നൽകിയ അഭിമുഖം പുറത്ത്. മാധ്യമപ്രവർത്തകനായിരുന്ന സി.കെ മുഹമ്മദ് യാക്കൂബ് ആണ് കോയമ്പത്തൂർ ജയിലിൽ കഴിയുന്ന കാലത്ത് ആലി മുസ്ലിയാരുടെ അഭിമുഖം നടത്തിയത്. ചെന്നൈ ആർക്കൈവ്സിൽനിന്ന് കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗത്തിനാണ് ഇതിന്റെ രേഖ ലഭിച്ചത്.
നേരിടാൻ പോകുന്നതിനെക്കുറിച്ചുള്ള ചിന്ത തങ്ങളെ അലട്ടുന്നില്ലെന്നും എല്ലാവരും സന്തോഷവാന്മാരാണെന്നും അഭിമുഖത്തിൽ ആലി മുസ്ലിയാർ വ്യക്തമാക്കുന്നുണ്ട്. പ്രവർത്തനകേന്ദ്രമായിരുന്ന തിരൂരങ്ങാടി പള്ളിയിൽ ഒരു പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടുകിട്ടുകയാണെങ്കിൽ അത് പാവങ്ങൾക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെൻട്രൽ ജയിലിൽ തന്നോടൊപ്പം കഴിയുന്നവർക്ക് അൽപ്പം തുണി എത്തിച്ചുകൊടുക്കാൻ കോൺഗ്രസിനോടും ഖിലാഫത്ത് പ്രവർത്തകരോടും പറയണം. തനിക്കൊപ്പം തൂക്കുമരം വിധിക്കപ്പെട്ട മറ്റുള്ളവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തണം. അവരെക്കുറിച്ച് വിവരംകിട്ടാതെ വിഷമിക്കുന്ന ബന്ധുക്കൾക്ക് അത് സഹായകമാകുമെന്നും ആലി മുസ്ലിയാർ സൂചിപ്പിക്കുന്നു. പ്രവാചക പ്രകീർത്തന പുസ്തകമായ ദലാഇലുൽ ഖൈറാത്തിന്റെ പ്രതി എത്തിച്ചുതരാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പ്രതിനിധിയായാണ് യാക്കൂബ് അഭിമുഖത്തിനെത്തിയത്. 1921 ഡിസംബർ ഏഴിന് ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെയായിരുന്നു അദ്ദേഹം ആലി മുസ്ലിയാരെ കാണുകയും സംസാരിക്കുകയും ചെയ്തത്. അഭിമുഖം ഡിസംബർ പത്തിന് ലേഖനരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അഭിമുഖം നടത്തിയതിനെ ബ്രിട്ടീഷുകാർ ഗുരുതരമായ സുരക്ഷാവീഴ്ചയായി കാണുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ രേഖയും സർവകലാശാലയ്ക്കു ലഭിച്ചിട്ടുണ്ട്.
അഭിമുഖത്തിൽനിന്ന്:
ഞങ്ങൾ എല്ലാവരും സന്തോഷവാന്മാരാണ്. വൈകാതെ ഞങ്ങൾ നേരിടാൻ പോകുന്നതിനെക്കുറിച്ചുള്ള ചിന്ത ഞങ്ങളെ തകർക്കുന്നില്ല. നിരപരാധികളായ ഞങ്ങളെപ്പോലുള്ളവർ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടുകളും വൃഥാവിലാകില്ലെന്ന ചിന്ത ആശ്വാസംപകരുകയാണ് ചെയ്യുന്നത്. ഖുർആൻ അടക്കമുള്ള വിശുദ്ധഗ്രന്ഥങ്ങൾ ഞാൻ പള്ളിയിൽ ഒരു പെട്ടിയിൽ സൂക്ഷിച്ചിരുന്നു. വെള്ളി, ചെമ്പ് നാണയങ്ങളും കറൻസികളും അടക്കം 350 രൂപയും ആ പെട്ടിയിൽ ഉണ്ടായിരുന്നു.
പള്ളിയിൽ കടന്ന പോലീസ് എല്ലാം എടുത്തുകൊണ്ടുപോയി. വിചാരണാവേളയിൽ തുണികൊണ്ട് കെട്ടിയ ഒരു ചെറിയ പൊതി പൊലീസ് എന്റേതെന്നു പറഞ്ഞ് ഹാജരാക്കിയിരുന്നു. അതിൽ കേവലം 17 രൂപയാണ് ഉണ്ടായിരുന്നത്. ബാക്കി എന്തുചെയ്തുവെന്ന് എനിക്കറിയില്ല. കണ്ടുകിട്ടുകയാണെങ്കിൽ പാവങ്ങൾക്ക് വിതരണം ചെയ്യണം. ദലാഇൽ ഖൈറാത്തിന്റെ കോപ്പി എത്തിച്ചുതന്നാൽ ഉപകാരമായിരുന്നു.''
Summary: Calicut University history department receives Malabar rebellion leader Ali Musliar's rarest interview that held before he was hanged