Kerala
MK Kannan
Kerala

കുടുംബത്തിന്റെ സകല സ്വത്തുവിവരങ്ങളും ഹാജരാക്കണം; എം.കെ കണ്ണന് കർശന നിർദേശവുമായി ഇ.ഡി

Web Desk
|
2 Oct 2023 10:30 AM GMT

പലതവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഇ.ഡി നടപടി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന് കർശന നിർദേശവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യാഴാഴ്ചയ്ക്കുള്ളിൽ കണ്ണന്റെയും കുടുംബത്തിൻ്റെയും സ്വത്തു വിവരങ്ങൾ ഹാജരാക്കണമെന്നാണ് നിർദ്ദേശം. പലതവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഇ.ഡി നടപടി.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് എത്തിയപ്പോഴും സ്വത്തു വിവരങ്ങൾ സംബന്ധിച്ച രേഖകൾ എം.കെ കണ്ണൻ ഹാജരാക്കിരുന്നില്ല. ഈ സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കർശന നിർദേശം. വ്യാഴാഴ്ചയ്ക്കകം എം.കെ കണ്ണന്റെയും കുടുംബത്തെയും സ്വത്തു വിവരങ്ങളും ആദായനികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കണമെന്നാണ് നിർദ്ദേശം. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും ഇ.ഡി നൽകുന്നുണ്ട്.

കഴിഞ്ഞതവണ ഹാജരായപ്പോൾ എം.കെ കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ലെന്നാണ് ഇ.ഡി പറഞ്ഞത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചുകൊണ്ട് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയെന്നും ഇ.ഡി ആരോപിച്ചിരുന്നു. കേസിലെ ഒന്നാംപ്രതി സതീഷ് കുമാറുമായുള്ള എം.കെ കണ്ണന്റെ ഇടപാടുകളുടെ കാര്യത്തിൽ വ്യക്തത വരുത്താനുള്ള അന്വേഷണമാണ് ഇ.ഡിയുടെ ഭാഗത്ത് നിന്ന് തുടരുന്നത്. അതിനിടെ മുൻമന്ത്രി എ.സി മൊയ്തീന് വീണ്ടും നോട്ടീസ് നൽകുന്ന കാര്യത്തിലും അന്വേഷണസംഘം ഉടൻ തീരുമാനമെടുക്കും. അടുത്തയാഴ്ച വിളിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഇ.ഡി.

Related Tags :
Similar Posts