'കായികതാരങ്ങൾ കേരളം വിട്ടുപോകുന്നു'; രഞ്ജിത്ത് മഹേശ്വരിയുടെ ഹരജിയിൽ ഹൈക്കോടതി
|ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവരെ ഫോണിൽ വിളിച്ചുപോലും അഭിനന്ദിച്ചില്ലെന്നു സംസ്ഥാന സർക്കാരിനെതിരെ പരാതിയുയർന്നു
കൊച്ചി: കായികതാരങ്ങൾ മുഴുവൻ കേരളം വിട്ടുപോകുകയാണെന്ന് ഹൈക്കോടതി. അർജുന അവാർഡ് നിഷേധിച്ചതിനെതിരെ അത്ലറ്റ് രഞ്ജിത്ത് മഹേശ്വരി സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കായികതാരങ്ങൾക്കെതിരായ അവഗണനയിൽ മീഡിയവൺ ഉൾപ്പെടെ പുറത്തുവിട്ട വാർത്തകളുടെ കൂടി പശ്ചാത്തലത്തിലാണു കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഏഷ്യാഡ് മെഡൽ ജേതാക്കൾ ഉൾപ്പെടെ കേരളം വിട്ടുപോകുയാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവരെ ഫോണിൽ വിളിച്ചുപോലും അഭിനന്ദിച്ചില്ലെന്നും സംസ്ഥാന സർക്കാരിനെതിരെ പരാതിയുയർന്നു. കായികതാരങ്ങൾക്കു ജോലി നിഷേധിക്കുന്നതിനെതിരെയും വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു.
ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് രഞ്ജിത്ത് മഹേശ്വരിക്ക് അവാർഡ് നിഷേധിച്ചത്. മൂന്നു മാസത്തെ അയോഗ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഉത്തേജ മരുന്ന് പരിശോധനയുടെ വിവരങ്ങൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം കണ്ടെത്തലുകൾ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാകണം. തെറ്റായ കണ്ടെത്തലാണ് രഞ്ജിത്ത് മഹേശ്വരിക്കെതിരെ ഉണ്ടായതെന്നു വ്യക്തമായാൽ കോടതി ഇടപെടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹരജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
Summary: 'All sports stars are leaving Kerala'': Kerala High Court