സംസ്ഥാനത്ത് പേവിഷ ബാധയേല്‍ക്കുന്നവരെല്ലാം മരിക്കുന്നുവെന്ന് കണക്കുകൾ
|പേ വിഷ ബാധ മറികടക്കാനുള്ള വാക്സിൻ എടുത്ത ശേഷവും മരണം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു
സംസ്ഥാനത്ത് പേവിഷ ബാധയേല്‍ക്കുന്നവരെല്ലാം മരിക്കുന്നുവെന്ന് കണക്കുകൾ. ഈ വർഷം പേവിഷ ബാധയേറ്റ പത്ത് പേരും മരിച്ചു. പേ വിഷ ബാധ മറികടക്കാനുള്ള വാക്സിൻ എടുത്ത ശേഷവും മരണം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പ് അവരുടെ വെബ്സൈറ്റില്‍ പേവിഷ ബാധ ഏറ്റവരുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. ഈ വർഷം പേവിഷ ബാധയേറ്റ പത്ത് പേരും മരിച്ചു. നായയുടെ കടിയേറ്റാണ് പ്രധാനമായും പേവിഷബാധയുണ്ടാകുന്നത്. സർക്കാർ ആശുപത്രികളിൽ ആന്‍റി റാബിസ് വാക്സിൻ സൗജന്യമായി ലഭ്യമാണ്. എന്നിട്ടും അലംഭാവം കാരണം മരിച്ചവരാണ് പകുതി പേരും.
പശു, പന്നി ഉള്‍പ്പെടെ മറ്റു മൃഗങ്ങളില്‍ നിന്നും പേ വിഷബാധയേല്ക്കാമെന്നതിനാല് ജാഗ്രത വേണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ആന്‍റി റാബിസ് വാക്സിൻ എടുത്തവരും മരിക്കുന്നുണ്ട്. എന്നാല്‍ അതിന്‍റെ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. വാക്സിന്‍റെ ഗുണമേൻമയില്ലായ്മയോ വാക്സിൻ സൂക്ഷിക്കുന്നതിലുള്ള അപാകതയോ വാക്സിൻ ശരിയായ രീതിയിൽ കുത്തിവയ്ക്കാത്തതോ ആകാം കാരണമെന്നും ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നു.