Kerala
ഭരണഘടനയിൽ വിശ്വസിക്കുന്നവരെല്ലാം മീഡിയവണ്ണിനെതിരായ നടപടിക്കെതിരെ രംഗത്തിറങ്ങണം: എം.എ ബേബി
Kerala

ഭരണഘടനയിൽ വിശ്വസിക്കുന്നവരെല്ലാം മീഡിയവണ്ണിനെതിരായ നടപടിക്കെതിരെ രംഗത്തിറങ്ങണം: എം.എ ബേബി

Web Desk
|
8 Feb 2022 10:26 AM GMT

ലോകമെങ്ങും സ്വേച്ഛാധിപത്യശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ള ന്യായമാണ് ദേശസുരക്ഷയെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി

ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയവണ്ണിനെതിരെ എടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഈ ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മീഡിയവണ്ണിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാൻ കാരണമെങ്കിൽ അതൊരു നിരോധിതസംഘടനയല്ലെന്നത് സർക്കാരിനെ ഓർമിപ്പിക്കുന്നുവെന്നും ബേബി പറഞ്ഞു. അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവർക്ക് അവകാശമുണ്ട്. സിപിഎം, അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കെതിരേ ശക്തമായ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതുപോലെ ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കുന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട് എന്നതാണ് പ്രധാനം. മീഡിയവൺ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാതത്വത്തിൽ വിശ്വസിക്കുന്നവരെല്ലാം മീഡിയവണ്ണിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നു രാവിലെയാണ് കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായി മീഡിയവൺ നൽകിയ ഹരജി ഹൈക്കോടതി തള്ളിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചാനൽ താത്കാലികമായി സംപ്രേഷണം നിർത്തിവച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്‌മാൻ അറിയിച്ചു. കേസിൽ കക്ഷിചേർന്ന കേരള പത്രപ്രവർത്തക യൂനിയനും മേൽക്കോടതിയെ സമീപിക്കും.

മീഡിയവൺ ചാനലിന്റെ ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് തീരുമാനിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകൾ പരിശോധിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് വിധി പറഞ്ഞത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം പരിശോധിച്ച ഉദ്യോഗസ്ഥ സമിതിയാണ് സുരക്ഷാ അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാർ തീരുമാനം തൃപ്തികരമാണെന്ന് ഫയൽ പരിശോധനയിൽ വ്യക്തമായതിനാൽ അതിൽ ഇടപെടുന്നില്ല. സുരക്ഷാ പ്രശ്നങ്ങളായതിനാൽ, ലൈസൻസ് പുതുക്കാത്തതിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. അപ്പീൽ നൽകാൻ രണ്ടു ദിവസം സമയം അനുവദിക്കണമെന്ന മീഡിയവണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Similar Posts