Kerala
mk narayanan

എസ്എഫ്ഐ പൂക്കോട് വെറ്ററിനറി യൂണിറ്റ് സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം എം.കെ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

Kerala

വയനാട് വെറ്ററിനറി കോളജ് ഡീന്‍ എം.കെ നാരായണൻ എസ്.എഫ്.ഐ പരിപാടികളിലെ സ്ഥിര സാന്നിധ്യം

Web Desk
|
2 March 2024 1:52 AM GMT

കോളജിന്‍റേത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണെന്നും കോളജ് ഡീനിനെ പുറത്താക്കണമെന്നും വിവിധ വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു

കല്‍പറ്റ: വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ കോളജ് ഡീന്‍ ഡോ.എം.കെ നാരായണനെതിരെ പ്രതിഷേധം പുകയുകയാണ്. മർദനവിവരം അറിയാൻ വൈകിയെന്നും അറിഞ്ഞയുടൻ നടപടിയെടുത്തെന്നുമാണ് വിശദീകരണം തേടിയ സർവകലാശാല രജിസ്ട്രാർക്ക് എം.കെ.നാരായണൻ നൽകിയ മറുപടി. കോളജിന്‍റേത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണെന്നും കോളജ് ഡീനിനെ പുറത്താക്കണമെന്നും വിവിധ വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.

നാരായണന്‍ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് എസ്.എഫ്.ഐ പൂക്കോട് യൂണിറ്റ് സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തത് എം.കെ നാരായണനായിരുന്നു. യൂണിറ്റ് സംഘടിപ്പിച്ച ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരത്തിന്‍റെ സമ്മാനദാനച്ചടങ്ങിലും ഡീന്‍ പങ്കെടുത്തിരുന്നു. സിദ്ധാര്‍ഥിനെ ക്രൂരമായി പീഡിപ്പിച്ചതറിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കാന്‍ ഡീന്‍ കൂട്ടുനിന്നെന്ന് പിതാവ് ടി.ജയപ്രകാശും ആരോപിച്ചിരുന്നു. ''സംഭവമറിഞ്ഞ് അവിടെ എത്തിയ എന്റെ ഭാര്യാ സഹോദരനോട് ഡീൻ പറഞ്ഞത് സിദ്ധാർത്ഥിന് പ്രണയബന്ധം ഉണ്ടായിരുന്നെന്നാണ് . എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ വരാൻ അദ്ദേഹം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തെറ്റ് ചെയ്യാത്തവർ എന്തിനാണ് സംരക്ഷണം തേടുന്നത്. വീട്ടിൽ വന്നിട്ടും സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല." എന്നാണ് ജയപ്രകാശ് പറഞ്ഞത്. എന്നാല്‍ കുട്ടികളെ സ്നേഹിക്കുന്ന ഡീനിന്‍റെ ഇടപെടല്‍ ഇക്കാര്യത്തിലില്ലെന്ന് പ്രോ വൈസ് ചാന്‍സലറായ മന്ത്രി ചിഞ്ചുറാണി ന്യായീകരണവുമായി എത്തിയത് വിവാദമായിരുന്നു.

സി.പി.ഐ കാരനായ ഡീൻ നാരായണനെ രക്ഷിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും സംഭവം പൂർണ്ണമായി അറിയുമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഡീൻ സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഈ മാസം 15നാണ് രണ്ടാം വർഷ ബിവിഎസ്‍സി വിദ്യാർഥി സിദ്ധാർത്ഥൻ ക്യാമ്പസിനകത്ത് ക്രൂര മർദനത്തിനിരയായത്. പതിനെട്ടാം തീയതി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതുവരെ വിവരം കുടുംബത്തെയോ പൊലീസിനേയോ അറിയിക്കാൻ അധികൃതർ തയ്യാറായില്ല. മരിച്ചതിനുശേഷവും നാല് ദിവസം കഴിഞ്ഞാണ് കോളേജിൽ ആൻറി റാഗിംഗ് കമ്മിറ്റി വിളിച്ചുചേർക്കാൻ പോലും അധികൃതർ തയ്യാറായത്. അതും മരണത്തിലെ ദൂരൂഹത ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് ശേഷം. ക്രൂരമായ റാഗിംഗ് നടന്നുവെന്നറിഞ്ഞിട്ടും എല്ലാം മൂടിവെച്ചതാണ് വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരണം തേടി സബ് രജിസ്ട്രാർക്ക് ഡീൻ നൽകിയ മറുപടി. എന്നാൽ, ഇത് കളവാണെന്നാണ് വിദ്യാർഥി സംഘടകളുടെ വാദം.

നേരത്തെയും അക്രമ സംഭവങ്ങൾ മൂടിവെച്ച് ഡീൻ ക്രിമിനലുകൾക്ക് സുരക്ഷയൊരുക്കി എന്നാണ് ആരോപണം. ക്രിമിനൽ വിദ്യാർഥികളോടൊപ്പം അവർക്ക് കൂട്ടായി നിന്ന കോളജ അധികൃതർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് സമരരംഗത്താണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ. മുൻപ് ഇവിടെ നടന്ന സമാന സംഭവങ്ങളിലും അന്വേഷണം വേണമെന്നാണ് ആവശ്യം. സർവകലാശാലയിലേക്ക് ഇന്ന് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയും യൂത്ത് ലീഗും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരവും തുടരുകയാണ്.

Similar Posts