36 കോടി രൂപയുടെ തട്ടിപ്പ്; ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം
|തുക ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരും രംഗത്തെത്തി
ഇടുക്കി: ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 36 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. തുക ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരും രംഗത്തെത്തി. പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നാണ് അധികൃതരുടെ വിശദീകരണം.
നെടുങ്കണ്ടത്ത് കോൺഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് അഴിമതിയാരോപണം. 36 കോടിയുടെ ക്രമക്കേട് നടന്നതായും അവശ്യത്തിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നുമാണ് പരാതി. നിക്ഷേപകരറിയാതെ പലരുടെയും പേരില്‍ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം.
നിക്ഷേപങ്ങൾക്ക് അമിത പലിശ കൊടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും പ്രശ്ന പരിഹാരത്തിനായി സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് ഭരണ സമിതിയുടെ വിശദീകരണം. നിലവിലെ ക്രമക്കേടിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ജില്ലയിലെ മുതിർന്ന നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.