'തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം, ബാലചന്ദ്രനെതിരെ നിയമ നടപടിക്ക് ശ്രമിക്കും' ഐ.സി ബാലകൃഷ്ണൻ
|പാർട്ടിക്ക് വേണ്ടിയോ വ്യക്തിപരമായ ആരോടും പണം വാങ്ങിയിട്ടില്ലെന്നും പി വി ബാലചന്ദ്രന് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ഐ.സി ബാലകൃഷ്ണൻ
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. തനിക്കിടയിൽ മധ്യസ്ഥൻമാരില്ലെന്നും ഒരു അനധികൃത നിയമനങ്ങളെക്കുറിച്ചും തനിക്കറിയില്ലെന്നും ബാലകൃഷ്ണന് പ്രതികരിച്ചു. പാർട്ടിക്ക് വേണ്ടിയോ വ്യക്തിപരമായ ആരോടും പണം വാങ്ങിയിട്ടില്ല. പി വി ബാലചന്ദ്രന് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായപ്പോൾ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ അസ്വസ്ഥതയെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. പി വി ബാലചന്ദ്രനെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു.
അതേസമയം വയനാട്ടിലെ കോൺഗ്രസില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനായാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്ക് പങ്കുണ്ടെന്ന ആരോപണവുമായാണ് പിവി ബാലചന്ദ്രൻ രംഗത്തെത്തിയത്. മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയാണ് നിലവിലെ എം.എല്‍.എ ആയ ഐ.സി ബാലകൃഷ്ണൻ. ബാലകൃഷ്ണനെതിരെ രംഗത്തുവന്നതാകട്ടെ കെ.പി.സിസി എക്സിക്യൂട്ടീവ് അംഗം കൂടിയായ പിവി ബാലചന്ദ്രനും. ഐ.സി ബാലകൃഷ്ണൻ പണം വാങ്ങിയതിന് തന്റെ കൈയിൽ തെളിവുകളുണ്ടെന്ന് പറഞ്ഞ പി.വി ബാലചന്ദ്രൻ അഴിമതി കേസിൽ എം.എല്‍.എ ക്കെതിരെ കെ.പി.സിസി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പി വി ബാലചന്ദ്രൻ കെ.പി.സിസിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.