തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേടെന്ന് ആരോപണം
|56 കോടി രൂപയുടെ കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ബിൽ അനധികൃതമായി ഉണ്ടാക്കിയെന്നാണ് ആരോപണം
തൃശൂർ: തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ 20 കോടി രൂപയുടെ ക്രമക്കേടെന്ന് ആരോപണം. 56 കോടി രൂപയുടെ കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ബിൽ അനധികൃതമായി ഉണ്ടാക്കിയെന്നാണ് കോർപ്പറേഷൻ സെക്രട്ടറിയായിരുന്ന ആർ. രാഹേഷ് കുമാറിന്റെ ആരോപണം.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് രാഹേഷ് കുമാറയച്ച കത്ത് പുറത്തു വന്നിട്ടുണ്ട്. പദ്ധതിയുടെ ടെൻഡർ നൽകുന്നതിൽ മേയറും ഇടപെട്ടുവെന്നാണ് കത്തിൽ പറയുന്നത്. ബില്ല് പാസാക്കാത്തതിനാൽ തനിക്ക് വധഭീഷണിയുണ്ടായെയെന്ന് ഇദ്ദേഹം ആരോപിക്കുന്നു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ കോർപറേഷൻ സെക്രട്ടറി കൃത്യമായി പാലിക്കുന്നില്ല എന്ന് കാട്ടി നേരത്തേ മേയർ ആക്ഷേപമുന്നയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണ കുറിപ്പ് രാഹേഷ് കുമാർ നൽകിയിരിക്കുന്നത്. വധഭീഷണിയുള്ളതിനാൽ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ഇദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം.