കേച്ചേരി ചിട്ടി കമ്പനി തകർന്നതിന് പിന്നില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയെന്ന് ആരോപണം; പണം നഷ്ടപ്പെട്ടവർ മാർച്ച് നടത്തി
|ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പത്തനാപുരത്തെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി
കൊല്ലം: കൊല്ലം പുനലൂർ ആസ്ഥാനമായ കേച്ചേരി ചിട്ടി കമ്പനി തകർന്നതിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ടവർ മാർച്ച് നടത്തി. ആർ. ബാലകൃഷ്ണപിള്ളയുടെ ബിനാമി നിക്ഷേപങ്ങൾ മരണശേഷം മക്കൾ ഒരുമിച്ച് പിൻവലിച്ചത് ആണ് തകർച്ചയ്ക്ക് കാരണം എന്നാണ് ആരോപണം. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പത്തനാപുരത്തെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി.
വീട്ടുജോലിയും കൂലിപ്പണിയും ഉൾപ്പെടെ ചെയ്ത് സമ്പാദിച്ച പണമാണ് സാധാരണക്കാർ കേച്ചേരി ഫിനാൻസിയേഴ്സിൽ നിക്ഷേപിച്ചിരുന്നത്. പലരും മക്കളുടെ കല്യാണങ്ങൾക്കും വിദ്യാഭ്യാസത്തിനും ആയാണ് ഏജന്‍റുമാരെ വിശ്വസിച്ച് പണം നിക്ഷേപിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ 30 ലധികം ശാഖകളാണ് കേച്ചേരി ഫിനാൻസിയേഴ്സിന് ഉണ്ടായിരുന്നത്. ഏകദേശം മുന്നൂറു കോടി രൂപയുടെ ക്രമക്കേട് നടന്നതിൽ ഇഡിയും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുകയാണ്. സ്ഥാപനത്തിന്‍റെ തകർച്ചയ്ക്ക് പിന്നിൽ ഗണേഷാണെന്ന് പണം നഷ്ടപ്പെട്ടവരിൽ ഒരുവിഭാഗം ആരോപിക്കുന്നു.
ബാങ്കിന്‍റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആർ.ബാലകൃഷ്ണപിളള ആയിരുന്നെന്നു നിക്ഷേപകർ. അദ്ദേഹത്തിന്‍റെ മരണശേഷം ബിനാമി പേരിൽ ഉണ്ടായിരുന്ന നിക്ഷേപങ്ങൾ ഉൾപ്പടെ പെട്ടെന്ന് മക്കൾ പിൻവലിച്ചത് തകർച്ചയിലേക്ക് നയിച്ചു എന്നും ഇവർ പറയുന്നു. ആക്ഷൻ കൗൺസിലിന്‍റെ മാർച്ചിനെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് ബി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.