Kerala
Shobhana

ശോഭന

Kerala

വയോധികയുടെ കടമുറി വാഹനം കയറ്റി നശിപ്പിച്ചയാള്‍ക്കതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

Web Desk
|
4 May 2023 1:25 AM GMT

കല്ലമ്പലം ചെമ്മരുതി സ്വദേശിയായ ശോഭനയുടെ വീടിനോട് ചേര്‍ന്ന കടമുറിയാണ് അയല്‍വാസി അജീഷ് നശിപ്പിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയുടെ കടമുറി വാഹനം കയറ്റി നശിപ്പിച്ചയാള്‍ക്കതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കല്ലമ്പലം ചെമ്മരുതി സ്വദേശിയായ ശോഭനയുടെ വീടിനോട് ചേര്‍ന്ന കടമുറിയാണ് അയല്‍വാസി അജീഷ് നശിപ്പിച്ചത്. ഇതുവരെ പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയില്ലെന്നും ശോഭന പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കുന്ന ശോഭനയുടെ വീടിനോട് ചേര്‍ന്ന കടമുറിയാണ് അജീഷ് മദ്യലഹരിയില്‍ കാറിടിച്ച് തകര്‍ത്തത്. ഈ കടമുറിയിലെ പച്ചക്കറി വില്‍പനയാണ് ശോഭനയുടെ ഉപജീവനമാര്‍ഗം. സംഭവസമയത്ത് അടുക്കളയിലായിരുന്നു ശോഭന. അക്രമം നടന്ന ഉടന്‍ തന്നെ കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ പറഞ്ഞ് തിരിച്ചയച്ചു. ഏപ്രില്‍ 25ന് പരാതി നല്‍കി. അജീഷുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാനാണ് പൊലീസുകാര്‍ ശോഭനയെ ഉപദേശിച്ചത്.

അജീഷിന്‍റെ അച്ഛന്‍റെ പക്കല്‍ നിന്ന് ശോഭന വാങ്ങിയ ഭൂമി അതേ വിലയ്ക്ക് തിരികെ നല്‍കണമെന്ന് പറഞ്ഞായിരുന്നു അജീഷിന്‍റെ ആക്രമണം. തന്നെ കൊല്ലുമെന്ന് അജീഷ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ശോഭന പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഇതുവരെ പൊലീസ് അക്രമം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയില്ലെന്ന് കാണിച്ച് ശോഭന ഡിഐജി നിശാന്തിനിക്കും വര്‍ക്കല ഡി.വൈ.എസ്.പിക്കും പരാതി നല്‍കി. ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി പറയാനൊരുങ്ങുകയാണ് 80 വയസുള്ള ശോഭന. അജീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് കല്ലമ്പലം പൊലീസിന്‍റെ വിശദീകരണം.



Related Tags :
Similar Posts