വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; പെരുമ്പാവൂർ പൊലീസിനെതിരെ ഉദ്യോഗാർത്ഥികൾ
|സംഭവത്തിൽ റിക്രൂട്ട്മെന്റ് സ്ഥാപനത്തെ സഹായിക്കുന്ന നിലപാടാണ് പെരുമ്പാവൂർ പൊലീസ് സ്വീകരിക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ എറണാകുളം പെരുമ്പാവൂർ പൊലീസിനെതിരെ പരാതിയുമായി ഉദ്യോഗാർഥികൾ. സംഭവത്തിൽ റിക്രൂട്ട്മെന്റ് സ്ഥാപനത്തെ സഹായിക്കുന്ന നിലപാടാണ് പെരുമ്പാവൂർ പൊലീസ് സ്വീകരിക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
പെരുമ്പാവൂർ അമ്പലച്ചിറക്ക് സമീപം പ്രവർത്തിക്കുന്ന ഫ്ലൈ വീല്ലോ ട്രീ എന്ന സ്ഥാപനം സിംഗപ്പൂരിലെയും ഖത്തറിലെയും വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 40 ഓളം ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. കൊല്ലം,എറണാകുളം, തൃശൂർ, പാലക്കാട് കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്.
2 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടമായത്. കഴിഞ്ഞവർഷം പൊലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെനാണ് ഉദ്യോഗാർഥികളുടെ പരാതി. സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.