Kerala
കണ്ണൂർ സർവകലാശാല ബി.ബി.എ പരീക്ഷയുടെ സിലബസ് കോപ്പിയടിയെന്ന് ആരോപണം
Kerala

കണ്ണൂർ സർവകലാശാല ബി.ബി.എ പരീക്ഷയുടെ സിലബസ് കോപ്പിയടിയെന്ന് ആരോപണം

Web Desk
|
12 May 2022 2:31 AM GMT

അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ കണ്ണൂർ സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിയമിക്കുന്നുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു

കണ്ണൂർ സർവ്വകലാശാല ബി ബി എ ബിരുദ സിലബസ് കോപ്പിയടിയെന്ന് ആരോപണം. ബംഗളൂരു സർവ്വകലാശാലയുടെ ബി.കോം സിലബസ്സാണ് കണ്ണൂർ സർവകലാശാല അതേപടി പകർത്തിയത്. സിലബസ് തയ്യാറാക്കിയതിൽ ബോർഡ് ഓഫ് സ്റ്റഡീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.

ബാംഗ്ലൂർ സർവകലാശാലയുടെ ബി.കോം സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന്റെ ഭാഗമായുള്ള സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് ആണ് കണ്ണൂർ സർവകലാശാല കോപ്പിയടിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബി.ബി.എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിനായി ഈ സിലബസ് അതേ പടി ഉപയോഗിക്കുകയായിരുന്നു. സർവകലാശാല രൂപീകരിക്കുന്ന ബോർഡ് ഓഫ് സ്റ്റഡീസിനാണ് വിവിധ പഠന വിഷയങ്ങളുടെ സിലബസ് തയ്യാറാക്കുന്ന ചുമതല. ഇവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.

അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ കണ്ണൂർ സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിയമിക്കുന്നുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. തുടർന്ന് സർവകലാശാലയുടെ പുതിയ ബോർഡ് ഓഫ് സ്റ്റാഡീസ് നിയമനം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ചോദ്യപേപ്പർ ആവർത്തന വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലക്കെതിരെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുതിയ വിവാദം. കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ സിലബസിനൊപ്പം ചോദ്യപേപ്പറുകളും അതേപടി കോപ്പി അടിക്കുന്നതായും ആരോപണമുണ്ട്.

Similar Posts