ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി കൊടുത്തത് തികഞ്ഞ അനീതി: ജമാഅത്തെ ഇസ്‌ലാമി
|'1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി'
കോഴിക്കോട്: ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വരാണസി ജില്ലാ കോടതിവിധി വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ. മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീർപ്പെന്നും സംഘ് പരിവാറിന്റെ വർഗീയ അജണ്ടകൾ കത്തിച്ച് നിർത്താനെ ഇത്തരം വിധികൾ സഹായകമാവൂവെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കും സുപ്രിംകോടതി നിർദേശങ്ങൾക്കും വിരുദ്ധമായാണ് ജില്ലാ കോടതിയുടെ തീർപ്പ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതാണ്. പൂജക്ക് അനുമതി നൽകുന്നതിലൂടെ ഇത് ലംഘിക്കുകയാണ്- വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിനെതിരെ ഭരണകൂടത്തിന്റെയും കോടതികളുടെയും ഭാഗത്ത് നിന്നുണ്ടാവുന്ന തുടർച്ചയായ വിവേചനവും അനീതിയും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുമെന്നും രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങൾ ഇതിനെതിരെ രംഗത്തുവരണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.