ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം; അൽഫോൺസ് കണ്ണന്താനം ബിജെപി കോർ കമ്മിറ്റിയിൽ
|25ന് എറണാകുളത്ത് നടക്കുന്ന 'യുവം' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്
കൊച്ചി: മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ ഉൾപ്പെടുത്തി ബി.ജെ.പി സംസ്ഥാനകോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായാണ് കണ്ണന്താനത്തെ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്, തൃശൂർ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ്‌കുമാർ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ, മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത, കെ.എസ് രാധാകൃഷ്ണൻ എന്നിവരും കോർകമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
25ന് എറണാകുളത്ത് നടക്കുന്ന 'യുവം' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടന്ന കോർകമ്മിറ്റി യോഗം പുനഃസംഘടന കൂടി ചർച്ച ചെയ്യുകയായിരുന്നു. ദേശീയ സംസ്ഥാന ഭാരവാഹികളെയാണ് സാധാരണ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താറുള്ളത്. ഈ കീഴ്‌വഴക്കം മറികടന്നാണ് മുൻ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ സംസ്ഥാനത്തെ പ്രധാന സംഘടനാ സംവിധാനത്തിന്റെ ഭാഗമാക്കിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കണ്ണന്താനത്തെ സജീവമാക്കിയിരുന്നു. അത് ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാൻ സഹായിച്ചുവെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് അൽഫോൺസിന്റെ പുതിയ നിയമനം. സംസ്ഥാനത്ത് ക്രൈസ്തവ സഭകൾ ഇപ്പോൾ സ്വീകരിക്കുന്ന അനുകൂല നിലപാട് നിലനിർത്താനും കൂടുതൽ സഭകളുമായി അടുപ്പം ഉണ്ടാക്കാനും അൽഫോൺസ് കണ്ണന്താനത്തിന് ആകുമെന്നാണ് കണക്കൂട്ടുന്നത്.
Alphonse Kannanthanam as representative of Christianity in Kerala BJP core committee