Kerala
കെ റെയിലിന് ബദൽ; കേന്ദ്രം കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് വി. മുരളീധരൻ
Kerala

കെ റെയിലിന് ബദൽ; കേന്ദ്രം കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് വി. മുരളീധരൻ

Web Desk
|
27 July 2022 10:13 AM GMT

നേമം ടെർമിനൽ ഉപേക്ഷിക്കുമെന്നത് തെറ്റായ വാർത്തയാണെന്നും കേന്ദ്ര സഹമന്ത്രി

ന്യൂഡൽഹി: കെ റെയിലിന് ബദൽ കണ്ടെത്താനായി കേന്ദ്ര സർക്കാർ കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഈ സഭാ സമ്മേളന കാലയളവിൽ ചർച്ച നടത്തുമെന്നും വി. മുരളീധരൻ അടക്കമുള്ള ബിജെപി പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്‌ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.

കേരളത്തിന്റെ റെയിൽവേ വികസനം സംബന്ധിച്ച വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്നും വേഗത കൂടിയ റെയിൽ സർവീസിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചതായും വി. മുരളീധരൻ പറഞ്ഞു. അതിവേഗ റെയിൽ സർവീസ് പഠനങ്ങൾ കേന്ദ്രം നടത്തിയിട്ടുണ്ടെന്നും 130 കിലോമീറ്റർ വേഗതയിൽ റെയിൽ വേ സർവീസ് നടപ്പാക്കാനുള്ള പഠനമാണ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംപിമാരുടെ യോഗം വിളിക്കണമെന്ന പ്രതിനിധി സംഘത്തിന്റെ ആവശ്യത്തോട് അനുകൂല നിലപാട് ആണ് കേന്ദ്ര സർക്കാരിനുള്ളതെന്നും കേരളത്തിലെ ജനങ്ങൾക്ക് അതിവേഗ റെയിൽ സംവിധാനം വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങളെ കുടിയിറക്കാൻ കഴിയില്ലെന്ന് ഓർമിപ്പിച്ചു. കെ റെയിലിനു ബദൽ എന്താണെന്ന് റെയിൽവേയാണ് കണ്ടെത്തേണ്ടതെന്നും ജനങ്ങളുടെ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ബിജെപി പ്രതിനിധി സംഘം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നേമം ടെർമിനൽ ഉപേക്ഷിക്കുമെന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം അറിയിച്ചു. നേമം ടെർമിനൽ പ്രവൃത്തി അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു.



Similar Posts