അളവ് കൂട്ടാൻ ഉപയോഗിക്കുന്നത് 'ആലം കല്ല്'; സംസ്ഥാനത്ത് കൃത്രിമ എംഡിഎംഎ നിർമാണവും വിതരണവും വ്യാപകം
|ഒരു ഗ്രാം എംഡിഎംഎക്ക് 2500 മുതൽ 3000 രൂപ വരെയാണ് വില
കൊച്ചി: സംസ്ഥാനത്ത് കൃത്രിമ എംഡിഎംഎ നിർമാണവും വിതരണവും വ്യാപകം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്ന രാസ ലഹരിയുടെ അളവ് കൂട്ടാൻ ലഹരി മാഫിയകൾ ഉപയോഗിക്കുന്നത് ആലം കല്ല് പൊടിച്ചു ചേർക്കുന്നതായാണ് കണ്ടെത്തൽ. അടുത്തിടെ സംസ്ഥാനത്ത് പിടികൂടിയ എംഡിഎംഎയിൽ പലതിലും ആലം കല്ലിൻറെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൃത്രിമമായി എംഡിഎംഎ നിർമ്മിക്കുന്നതിൻറെ സൂചനകൾ എക്സസൈസിന് ലഭിച്ചത്.
ബംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നുമെല്ലാം കേരളത്തിലെത്തിക്കുന്ന എംഡിഎംഎയിൽ അളവ് കൂട്ടാനാണ് സംസ്ഥാനത്തെ ലഹരി മാഫിയ ആലം കല്ല് പൊടിച്ചു ചേർക്കുന്നത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇത്തരത്തിൽ ആലം കല്ല് ചേർത്ത് കൃത്രിമമായി എംഡിഎംഎ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് എക്സൈസിൻറെ നിഗമനം. ഒരു ഗ്രാം എംഡിഎംഎക്ക് 2500 മുതൽ 3000 രൂപ വരെയാണ് വില. ആലം കല്ല് ചേർത്ത് വിൽക്കുന്നതിലൂടെ ഇരട്ടിയിലധികം ലാഭമാണ് ലഹരി മാഫിയ നേടുന്നത്.
'കുക്കിംഗ്' എന്നാണ് എംഡിഎംഎയുടെ നിർമ്മാണത്തെ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും എംഡിഎംഎ കുക്കിംഗ് സംസ്ഥാനത്ത് നടക്കുന്നതായി കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ രഹസ്യ ലാബുകളിലാണ് എംഡിഎംഎയുടെ നിർമാണം നടക്കുന്നത്. നൈജീരയക്കാർ ആണ് നിർമിക്കുന്നതെങ്കിലും ഇവരിൽ നിന്ന് മലയാളികൾ ഇത് പഠിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.