ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത് ലൈംഗികാതിക്രമത്തിന് ശേഷം; കുട്ടിയുടെ ദേഹമാസകലം മുറിവ്
|കുട്ടിയുടെ ശരീരത്തിൽ വലിയ പാറക്കല്ലുകൾ വെച്ചിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്
ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയെ പ്രതി അസ്ഫാക് ലൈംഗിക പീഡനത്തിനിരയാക്കിയതായി കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പീഡനവിവരം സ്ഥിരീകരിച്ചത്. സ്വകാര്യ ഭാഗങ്ങളിലുൾപ്പടെ കുട്ടിയുടെ ദേഹമാസകലം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും
കൊലപാതകത്തിന് ശേഷം കുട്ടിയെ ചെളിയിൽ പൂഴ്ത്തി മൃതദേഹത്തിന് മുകളിൽ വലിയ പാറക്കല്ലുകളെടുത്ത് വെച്ചാണ് അസ്ഫാക് സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്. കസ്റ്റഡിയിലെടുത്തപ്പോഴും പണത്തിനായി കുഞ്ഞിനെ കൈമാറി എന്നതടക്കം മൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ അസ്ഫാക് തന്നെയാണ് പ്രതി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.
കുട്ടിയെ കാണാതായ സമയം മുതൽ അസ്ഫാക്കിനൊപ്പം കുട്ടിയുള്ളതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നീട് ആറ് മണിയോടെ ഇയാൾ മാർക്കറ്റിൽ വെച്ച് നടത്തിയ അടിപിടിയുടെ ദൃശ്യങ്ങളിൽ കുട്ടിയുടെ സാന്നിധ്യമില്ലാതിരുന്നത് ദുരൂഹത വർധിപ്പിച്ചു. അതുകൊണ്ടു തന്നെ 3 മണിക്കും 5 മണിക്കുമിടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാലിത് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ വ്യക്തമാകൂ.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
കുട്ടിയുടെ കൊലപാതകത്തിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി നേരത്തേ ആലുവ റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പ്രതി പറഞ്ഞ പ്രകാരം നടത്തിയ തെരച്ചിലിലാണ് ആലുവ മാർക്കറ്റിന് പിൻവശത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ കസ്റ്റഡിയിലെടുക്കുമ്പോൾ അബോധാവസ്ഥയിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അസ്ഫാക് പറഞ്ഞിരുന്നത്. കുട്ടിയെ സക്കീർ ഹുസൈൻ എന്നയാൾക്ക് വിറ്റുവെന്നും പിന്നീട് കുട്ടിയെ കുറിച്ചൊരു വിവരവുമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ അസ്ഫാകുമായി മാർക്കറ്റിലെത്തിയ പൊലീസിന് നാട്ടുകാരുടെ മൊഴി ഏറെ നിർണായകമായി. അസ്ഫാകിനൊപ്പം കുട്ടിയുണ്ടായിരുന്നുവെന്ന മൊഴിയെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
അസ്ഫാകിന് വീടെടുത്ത് നൽകിയ ഹുൽജാർ ഹുസൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാർ ഉയർത്തുന്നത്. മരിച്ച കുഞ്ഞിന്റെ സഹോദരങ്ങളിൽ ഒരാളെ ഹുസൈൻ പൊള്ളിച്ചിട്ടുണ്ടെന്നും ഇയാൾക്കും സംഭവത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും നാട്ടുകാർ പറയുന്നു.
അതേസമയം കുട്ടിയുടെ സംസ്‌കാരം നാളെ ഐഡിയൽ പബ്ലിക്ക് സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും. 10 മണിക്കാണ് പൊതുദർശനം.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതലാണ് കാണാതായത്. ഇവരുടെ വീടിന്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയതാണ് ബിഹാർ സ്വദേശിയായ അസ്ഫാക് ആലം.