Kerala
Aluva child murder; body of 5 year old cremated
Kerala

കണ്ണീരോടെ വിട; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

Web Desk
|
30 July 2023 4:51 AM GMT

കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്‌കാരം

ആലുവ: ആലുവയിൽ ക്രൂരകൊലപാതകത്തിന് ഇരയായ അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. ആലുവ കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ 10.15ഓടെയാണ് മൃതദേഹം സംസ്‌കരിച്ചത്. കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്‌കാരം. ഹൈന്ദവാചാരപ്രകാരമായിരുന്നു ചടങ്ങുകൾ

വികാരനിർഭരമായ നിമിഷങ്ങൾക്കാണ് തൈക്കാട്ടുകര സ്‌കൂൾ സാക്ഷ്യം ലഹിച്ചത്. വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാത്തതിനാൽ കുട്ടിയുടെ മാതാപിതാക്കളും സ്‌കൂളിലെത്തിയിരുന്നു. മൃതദേഹത്തിന് സമീപം തളർന്നു വീണ മാതാവും അലറിക്കരഞ്ഞ സഹോദരങ്ങളും പിതാവുമൊക്കെ നൊമ്പരക്കാഴ്ചയായി. സ്‌കൂളിൽ ചേർന്നിട്ട് രണ്ട് മാസങ്ങളേ ആയിരുന്നുള്ളൂവെങ്കിലും കുറച്ചു നാൾ കൊണ്ട് തന്നെ അധ്യാപകരുടെയും കൂട്ടുകാരുടെയും സ്‌നേഹം പിടിച്ചു പറ്റാൻ കുട്ടിക്കായിരുന്നു. വിങ്ങലോടെയാണ് അധ്യാപകരും കുട്ടികളും കുഞ്ഞിന് ആദരാഞ്ചലികളർപ്പിച്ചത്. ശ്മശാനത്തിലെത്തിയ ആളുകൾക്കും പൊതുദർശനത്തിന് അവസരമൊരുക്കിയ ശേഷമായിരുന്നു സംസ്‌കാരം.

അതേസമയം കേസിലെ പ്രതി അസ്ഫാകിനെ അൽപസമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതി കുറ്റം സമതിച്ചെങ്കിലും കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ക്ക് ആണെന്നാണ് അസഫാക്കിന്റെ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു.

വെള്ളിയാഴ്ച 3 മണിയോടെയാണ് ബിഹാർ സ്വദേശികളുടെ അഞ്ചു വയസുകാരിയായ കുട്ടിയെ കാണാതാകുന്നത്. കുട്ടിയുമായി അസഫാക് പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

കുട്ടി താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയതാണ് ബിഹാർ സ്വദേശിയായ അസഫാക്. കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് കൂടെക്കൂട്ടിയ പ്രതി കുട്ടിയെ ആലുവ മാർക്കറ്റിന് പിൻഭാഗത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടി ധരിച്ചിരുന്ന വസ്ത്രം കൊണ്ട് കഴുത്തു ഞെരിച്ചാണ് അസഫാക് കൊലപാതകം നടത്തിയത്. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി ചെളിയിൽ താഴ്ത്തി മുകളിൽ വലിയ പാറക്കല്ലുകളുമെടുത്തു വെച്ചു. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ കുട്ടിയെ കണ്ടിട്ടു പോലുമില്ലെന്നായിരുന്നു അസഫാകിന്റെ മൊഴി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Similar Posts