ആലുവ കൊലപാതകം; പ്രതിയെ തൂക്കിക്കൊല്ലണം, കൂടുതൽ പ്രതികളുണ്ടെങ്കിൽ കണ്ടെത്തണമെന്ന് കുട്ടിയുടെ അച്ഛൻ
|സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ മീഡിയവണിനോട് പറഞ്ഞു.
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അസ്ഫാക്കിന് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ അച്ഛൻ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് കരുതുന്നതെന്നും ഒരു നിമിഷം മാറി നിന്നപ്പോഴാണ് കുട്ടിയെ കാണാതായതെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.
കുട്ടിയുടെ രക്ഷിതാക്കളെ സന്ദർശിച്ച മന്ത്രി വീണാ ജോർജ് കുടുംബത്തിന് സർക്കാരിൻ്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയ്ക്ക് പുറമെ ജില്ലാ കലക്ടറും, എംഎം മണി എംഎൽഎയും കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് ആശ്വസിപ്പിച്ചു. ഇന്ന് മന്ത്രി പി രാജീവും കുട്ടിയുടെ വീട് സന്ദർശിക്കും. പെൺകുട്ടിയുടെ മരണത്തിൽ പൊലീസിൻ്റെ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.