"നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി, അവന്‍ ശരിയല്ല, മാക്സിമം ശിക്ഷ കൊടുക്കണം": മോഫിയയുടെ ആത്മഹത്യാക്കുറിപ്പ്
|ഭര്‍തൃവീട്ടുകാര്‍ക്കും സിഐക്കുമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിനാണ് (21) ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കും സിഐക്കുമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍
ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസികപ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം..
എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. എന്നാല്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്‍റെ റൂഹ് ഇവിടെത്തന്നെ ഉണ്ടാകും.
അവനെ അത്രമേല്‍ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു..
40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മോഫിയയുടെ പിതാവ്
"ഏപ്രില്‍ 3നായിരുന്നു കല്യാണം. സാമ്പത്തികമായി ഒന്നും വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. കണ്‍സ്ട്രക്ഷന്‍ ജോലിയാണെന്നാ പറഞ്ഞത്. പക്ഷേ ജോലിയൊന്നുമില്ല. പിന്നീട് സിനിമ പിടിക്കാന്‍ 40 ലക്ഷം വേണമെന്ന് പറഞ്ഞു"- മോഫിയയുടെ പിതാവ് പറഞ്ഞു. പരാതി നല്‍കാനെത്തിയപ്പോള്‍ ആലുവ സിഐ മോശമായി സംസാരിച്ചു. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരികെയെത്തിയ യുവതി മുറിയില്‍ കയറി വാതിലടച്ചു. കുറേനേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.