Kerala
എല്ലാ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് എ.എം ആരിഫ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു
Kerala

എല്ലാ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് എ.എം ആരിഫ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു

Web Desk
|
13 July 2021 4:33 PM GMT

രണ്ടര മാസത്തിൽ അധികമായി കടകൾ വല്ലപ്പോഴുമാണ് തുറക്കാൻ സാധിക്കുന്നതെന്നും കടകൾ തുറക്കാൻ സാധിക്കാത്തതിനാൽ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണെന്നും ആരിഫ് കത്തില്‍ പറയുന്നു

കോവിഡ് നിയന്ത്രണം മൂലം അടച്ചിട്ട കടകൾ തുറക്കാൻ അനുവദിക്കണമെന്ന് എ.എം ആരിഫ് എം.പി. ദീർഘനാളായി കടകൾ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം എന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു ആരിഫ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

രണ്ടര മാസത്തിൽ അധികമായി കടകൾ വല്ലപ്പോഴുമാണ് തുറക്കാൻ സാധിക്കുന്നതെന്നും കടകൾ തുറക്കാൻ സാധിക്കാത്തതിനാൽ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണെന്നും ആരിഫ് കത്തില്‍ പറയുന്നു. സാഹചര്യം സമഗ്രമായി വിലയിരുത്തി കടകൾ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ആരിഫ് എംപി ആവശ്യപ്പെട്ടു.

അതേസമയം കടകള്‍ക്ക് ഇളവ് നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധം അതിരുവിട്ടാൽ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനൊപ്പം നിൽക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനക്കാ കാര്യത്തിൽ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും. അതിനൊപ്പം നിൽക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടേണ്ട രീതിയിൽ നേരിടും. അതു മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

വ്യാപാരികളുടെ ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ല. അവരുമായി ചർച്ച നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാനാകില്ല. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. അവശ്യസാധനങ്ങളുടെ കടകൾ എട്ടു മണി തുറക്കാം. മൂന്നാം തരംഗം അടുത്തുണ്ട്. വലിയ ആശങ്ക ഉയർത്തുന്ന പ്രശ്‌നമാണിത്. അതു കൊണ്ടാണ് ആവർത്തിച്ച് ഇത്തരം കാര്യങ്ങൾ പറയേണ്ടി വരുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ എല്ലാ ദിവസവും കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനുകൂല വ്യാപാരി സംഘടനയും പ്രതിഷേധ സമരം പ്രഖ്യാപിച്ചിരുന്നു. വ്യാപാരി വ്യവസായി സമിതി നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. കോവിഡ് നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന വ്യാപാരികള്‍ നിലവില്‍ പ്രഖ്യാപിച്ച ഇളവുകള്‍ പര്യാപ്തമല്ലെന്ന് അറിയിച്ച് രംഗത്ത് വന്നിരുന്നു.

വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത് വന്നിരുന്നു. അതിനു പിറകെയാണ് ഇപ്പോള്‍ സിപിഎം അനുകൂല വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Tags :
Similar Posts