അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രൻ നാല് കൊലക്കേസുകളിലെ പ്രതി
|രാജേന്ദ്രൻ കൊടുംകുറ്റവാളിയെന്ന് പൊലീസ്
അമ്പലമുക്ക് കൊലപാതകത്തില്‍ പിടിക്കപ്പെട്ട പ്രതി രാജേന്ദ്രൻ മുമ്പ് നാല് കൊലക്കേസുകളിലെ പ്രതിയെന്ന് പൊലീസ്. 2014ൽ ഇയാള്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതേ വര്‍ഷം തമിഴ്നാട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മറ്റൊരു കേസ് കൂടെ ഇയാള്‍ക്കെതിരെയുണ്ട്. ഇന്നലെ രാവിലെയാണ് രാജേന്ദ്രന് അറസ്റ്റിലായത്. യുവതിയുടെ വധത്തിന് പിന്നിൽ മോഷണശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇയാള്‍ മോഷ്ടിച്ച യുവതിയുടെ മാല പൊലീസ് കണ്ടെത്തി. തിരുവനന്തപുരം പഴയ കട ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വച്ചിരുന്നത്.
അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. കഴിഞ്ഞ ഞായറാഴ്ചയാണ് കടയ്ക്കുള്ളില്‍ വിനീത കുത്തേറ്റു മരിച്ചത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.